സൂര്യനെ മോഹിച്ചവൾ: ഭാഗം 54
രചന: ശിവ എസ് നായർ
“നിന്നോടുള്ള അവരുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു സൂര്യാ. ഇവര് കേറി ഇടഞ്ഞാൽ പിന്നെ നമ്മൾ വന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല.” അഭിഷേക് സൂര്യന് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു.
“കേറി അടിയുണ്ടാക്കിയാൽ എല്ലാം കുളമാകും. പക്ഷേ ഇവരോടൊക്കെ താഴ്ന്ന് കൊടുത്താൽ തലയിൽ കേറുകയും ചെയ്യും. എന്താ ഇപ്പൊ ചെയ്യാ?” സൂര്യൻ ആകുലതയോടെ അഭിയെ നോക്കി.
“തത്കാലം നീയൊന്നും മിണ്ടണ്ട സൂര്യാ. ഇവരോടൊന്നും ഒന്നും വിശദീകരിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മൾ വന്ന കാര്യം നിർമലയുടെ അച്ഛനോട് മാത്രം പറയാം.. അയാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകുമെന്ന് എന്റെ മനസ്സ് പറയുന്നു.” അഭിഷേക് അവനെ സമാധാനിപ്പിച്ചു.
“ഞങ്ങടെ കൊച്ചിനെ കൊണ്ട് കൊലയ്ക്ക് കൊടുത്തിട്ട് പിന്നെ എന്ത് ഉണ്ടാക്കാനാടാ നീയിങ്ങോട്ട് കെട്ടിയെടുത്തത്.” നിർമലയുടെ അമ്മയുടെ സഹോദരൻ ഭൂവനൻ കലിതുള്ളി കൊണ്ട് സൂര്യന്റെ അടുത്തേക്ക് വന്നു.
“ഭാര്യ മരിച്ചു മാസമൊന്ന് തികയും മുൻപേ കണ്ട വേശ്യകളുടെ വീട് തെണ്ടി നടക്കുന്ന നിനക്ക് ഇങ്ങോട്ട് കേറി വരാൻ എങ്ങനെ ധൈര്യം വന്നെടാ. ഇറങ്ങി പോടാ ചെറ്റേ ഇവിടുന്ന്. അല്ലെങ്കിൽ നീ ഞങ്ങളുടേന്ന് മേടിച്ചു കൂട്ടും. അന്ന് അളിയൻ പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങൾ കേസ് പിൻവലിച്ചത്.” രണ്ടാമത്തെ അമ്മാവൻ ശേഖരൻ മുണ്ട് മടക്കി കുത്തി അവർക്ക് മുന്നിൽ വന്ന് നിന്നു.
സൂര്യൻ ദേഷ്യം അടക്കി അനങ്ങാതെ നിന്നു. അഭിഷേക് അവന്റെ കൈയ്യിൽ അമർത്തി പിടിച്ചു.
“ഞങ്ങൾ വന്നത് നിങ്ങളോട് സംസാരിക്കാനല്ല. നിർമലയുടെ അച്ഛനെ ഇങ്ങോട്ട് വിളിക്ക് കാര്യങ്ങൾ ഞങ്ങൾ അയാളോട് പറഞ്ഞോളാം. കയ്യൂക്ക് കാണിക്കാൻ വന്നാൽ തൂക്കി എടുത്ത് അകത്തിടാൻ എനിക്കറിയാം.” ഗൗരവത്തിലുള്ള അഭിഷേകിന്റെ സ്വരവും ആരെയും കൂസാത്ത മുഖഭാവവും കണ്ടപ്പോൾ പുലി പോലെ വന്ന രണ്ട് അമ്മാവന്മാരും പൂച്ചയെ പോലെയായി.
ഇരുവരും പരുങ്ങലോടെ മുഖത്തോട് മുഖം നോക്കുമ്പോൾ നിർമലയുടെ അച്ഛൻ ഭാസ്കരൻ ഉമ്മറത്തേക്ക് വന്നു.
“അച്ഛാ… ഞങ്ങൾ അച്ഛനെ കാണാൻ വന്നതാണ്. അച്ഛനോട് മാത്രമായി കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു.” സൂര്യൻ വിനീതനായി അയാൾക്ക് മുന്നിൽ നിന്നു.
ഭാസ്കരൻ ഇരുവരെയും ഒന്ന് നോക്കി.
“നിങ്ങൾ അകത്തേക്ക് കയറി വരു. നമുക്ക് മുറിയിൽ ഇരുന്ന് സംസാരിക്കാം..” അയാൾ പിന്തിരിഞ്ഞു നടന്നു. സൂര്യനും അഭിഷേകും അയാളെ അനുഗമിച്ചു.
“ഇരിക്കൂ… നിങ്ങൾക്കെന്താ ഇനിയും പറയാനുള്ളത്. എല്ലാ കാര്യങ്ങളും അന്നേ സാർ പറഞ്ഞതാണല്ലോ.” ഭാസ്കരൻ ഇരുവരോടുമായി ചോദിച്ചു.
“വളച്ചു കെട്ടില്ലാതെ ഞങ്ങൾ കാര്യത്തിലേക്ക് വരാം. നിർമലയുടെ മരണം ഒരു ആത്മഹത്യ അല്ലെന്നാണ് എന്റെ നിഗമനം. അതിനെക്കുറിച്ചു സംസാരിക്കാനാണ് ഞങ്ങൾ വന്നതും. അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചാൽ മനസ്സിലാകുമെന്ന് തോന്നിയത് കൊണ്ടാ വന്നത്.” അഭിഷേക് സംസാരത്തിന് തുടക്കമിട്ടു.
“എ… എന്താ… സാറിപ്പോ എന്താ പറഞ്ഞത്.?” ഞെട്ടലോടെ ഭാസ്കരൻ ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു.
ഭാസ്കരന്റെ ഭാവമാറ്റം കണ്ടപ്പോൾ ആദ്യമേ തന്നെ അക്കാര്യം ചാടി കേറി പറയണ്ടായിരുന്നുവെന്ന് അഭിക്ക് തോന്നി.
“നിർമലയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമായിരുന്നു.” മടിച്ചു മടിച്ചു അഭി പറഞ്ഞു.
“എന്റെ ദേവ്യേ… ഞാൻ… ഞാനിതെങ്ങനെ സഹിക്കും… എന്റെ മോള്… പാവം…. എന്റെ നിർമല…” ഒരു പൊട്ടിക്കരച്ചിലോടെ ആ വൃദ്ധൻ നിലത്തേക്കിരുന്നു പോയി.
“വിഷമിക്കല്ലേ അച്ഛാ… അച്ഛനിൽ നിന്ന് ഈ വിവരം മറച്ചു വയ്ക്കാൻ എനിക്ക് തോന്നിയില്ല. നടന്നതെല്ലാം അച്ഛനും അറിയണം. അത് കൊണ്ടാ ഇത്രടം വരെ വന്നത്.” തെല്ലൊരു ഇടർച്ചയോടെ സൂര്യൻ പറഞ്ഞു.
“ആരാ മോനെ എന്റെ മോളെ…. അവളെന്ത് തെറ്റ് ചെയ്തിട്ടാ…”
“അച്ഛനൊന്ന് സമാധാനപ്പെട്… അഭി എല്ലാം പറയും.” സൂര്യൻ അയാളെ താങ്ങി പിടിച്ച് കസേരയിലേക്ക് ഇരുത്തി.
നിമിഷങ്ങളോളം അയാളുടെ തേങ്ങൽ നീണ്ടുനിന്നു. നിർമലയുടെ അച്ഛനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാത്തത് കൊണ്ട് അയാളുടെ സങ്കടം ശമിക്കുന്നത് വരെ അഭിഷേകും സൂര്യനും മൗനം പാലിച്ചിരുന്നു.
“പറ മോനെ… നിർമലയ്ക്ക് എന്താ സംഭവിച്ചത്. ആരാ അവളെ കൊന്നത്.” ഉള്ളിലെ വിങ്ങലടക്കി ഭാസ്കരൻ ചോദിച്ചു.
“മഹേഷ്… നിർമലയുടെ മുൻ കാമുകൻ.” അഭിഷേക് അത് പറഞ്ഞതും അയാൾ ഞെട്ടിപ്പോയി.
“മഹേഷെങ്ങനെ??”
“ഒരു താലി കെട്ടി എന്നല്ലാതെ നിർമല മരിക്കുന്ന അന്നുവരെ സൂര്യനും അവളും ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടില്ലായിരുന്നു. പഴയതെല്ലാം മറക്കാൻ അവൾക്ക് സമയം വേണമെന്ന് പറഞ്ഞപ്പോൾ സൂര്യൻ അതിന് സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. അവളെ ഇവൻ ജീവന് തുല്യം സ്നേഹിക്കുകയും ചെയ്തു. പക്ഷേ അവൾ മരിക്കുന്നതിന്റെ തലേന്നാണ് സൂര്യൻ അറിയുന്നത് നിർമല രണ്ട് മാസം ഗർഭിണിയായിരുന്നുവെന്ന്. ആ ഗർഭത്തിന് ഉത്തരവാദി അവളുടെ മുൻ കാമുകൻ മഹേഷായിരുന്നു.
സൂര്യൻ തറവാട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം മഹേഷ് അവിടെ ചെന്നിരുന്നുവെന്നും അവളെ ബലാത്‌കാരം ചെയ്തുവെന്നും നിർമല തന്നെയാണ് സൂര്യനോട് പറഞ്ഞത്. നേരത്തെതന്നെ ഇക്കാര്യം അവൾ ഇവനോട് പറയാതിരുന്നത് സൂര്യൻ അവളെ അവിശ്വസിച്ചാലോ എന്ന് ഭയന്നിട്ടായിരുന്നു. പിന്നീട് നിർമല ഗർഭിണി ആണെന്ന് അറിഞ്ഞ അവസരത്തിൽ അവൾ സത്യം പറഞ്ഞിട്ടും അപ്പോഴത്തെ മാനസികാവസ്ഥയിൽ സൂര്യനത് വിശ്വസിക്കാതെ എന്റെ അടുത്തേക്ക് വന്ന രാത്രിയാണ് നിർമല കൊല്ലപ്പെടുന്നത്. അവളെ കൊല്ലാൻ മാത്രം പക തോന്നേണ്ട വ്യക്തി മഹേഷ് അല്ലാതെ മറ്റാരുമില്ല.
ഇക്കാര്യം രഹസ്യമായി അന്വേഷിക്കുന്നത് മരിച്ചു പോയെങ്കിലും നിർമലയ്ക്കൊരു മോശം പേര് ആളുകൾക്കിടയിൽ ഉണ്ടാവരുതെന്നുള്ള സൂര്യന്റെ ആഗ്രഹം കൊണ്ട് മാത്രമാണ്. ഞാൻ പറഞ്ഞതിന്റെ ഗൗരവം നിങ്ങൾക്ക് മനസ്സിലായെന്ന് വിചാരിക്കുന്നു.” അഭിഷേക് പറഞ്ഞു നിർത്തി.
“നിർമലയെ വെറുക്കാൻ എനിക്ക് കഴിയില്ലച്ഛാ. ഒരു നിമിഷത്തേക്ക് അവളെ ഞാൻ അവിശ്വസിച്ചു പോയി. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു… പക്ഷേ നാട്ടുകാർ പറഞ്ഞു നടക്കുന്നത് പോലെ അവളെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. എന്നെകൊണ്ട് അതിന് സാധിക്കുകയുമില്ല.” അയാൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് സൂര്യൻ കരഞ്ഞു.
“നാട്ടുകാർ പറയുന്നതൊന്നും ഞാൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. നിന്നെ എനിക്ക് വിശ്വാസമാണ്. പക്ഷേ മഹേഷ്… അവനൊരു നല്ലവനല്ലെന്ന് എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. അതുകൊണ്ടാ എന്റെ മോളെ അവന് കെട്ടിച്ചു കൊടുക്കാനും ഞാൻ മടിച്ചത്. അവനൊരു വൃത്തികെട്ടവൻ ആയതുകൊണ്ടാണ് വിവാഹം കഴിക്കും മുൻപേ എന്റെ മോളെ സ്വന്തമാക്കാൻ ശ്രമിച്ചത്. അതും ആരുമില്ലാത്ത നേരം നോക്കി ഈ വീട്ടിൽ വച്ച്.
നിന്നെ കണ്ടപ്പോൾ നല്ലൊരു വ്യക്തി ആണെന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് നിർമലയെ നിനക്ക് കെട്ടിച്ചു തന്നത്. മഹേഷുമായുള്ള അവളുടെ ബന്ധം മറച്ചു വച്ച് നിങ്ങളുടെ കല്യാണം നടത്തിയെന്ന ഒരു തെറ്റ് മാത്രേ ഞാൻ ചെയ്തുള്ളു. പക്ഷേ അതിന് എന്റെ കൊച്ചിന്റെ ജീവൻ തന്നെ പകരം കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല.” സൂര്യനെ ചേർത്ത് പിടിച്ച് ഭാസ്കരനും തേങ്ങി.
“എന്റെ മോളെ കൊന്നവനെ വെറുതെ വിടരുത് സർ. അവനെ എങ്ങനെയെങ്കിലും കണ്ടെത്തണം.”
“നിർമല സൂര്യന്റെ ഭാര്യയായി ജീവിക്കുന്ന വിവരം അവനെങ്ങനെ അറിഞ്ഞുവെന്ന് ഞങ്ങൾക്ക് അറിയില്ല. അവൻ എങ്ങനെ ഇരിക്കുമെന്നോ ഒന്നും അറിയില്ല. ഇവിടെ നിർമല ഉപയോഗിച്ചിരുന്ന മുറി പരിശോധിച്ചാൽ ഒരുപക്ഷെ മഹേഷിലേക്ക് എത്താൻ സഹായിക്കുന്ന എന്തെങ്കിലും കിട്ടിയാൽ അത് ഞങ്ങൾക്ക് ഒത്തിരി സഹായകമാകും.” അഭിഷേക് പറഞ്ഞു.
“ഈ വീട്ടിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് പരിശോധിക്കാം സർ. പക്ഷേ നിങ്ങളുടെ അന്വേഷണത്തിന് സഹായമാകുന്ന എന്തെങ്കിലും കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. മുൻപ് മഹേഷിന്റെ പേരിൽ അവളോട് വഴക്കിട്ട സമയത്ത് ദേഷ്യത്തിൽ നിർമലയുടെ മുറിയിലുണ്ടായിരുന്ന സാധനം മുഴുവനും മുറ്റത്തു കൊണ്ടിട്ടു കത്തിച്ചു കളഞ്ഞിരുന്നു ഞാൻ. ആ കൂട്ടത്തിൽ അവൻ അവൾക്ക് കൊടുത്തിരുന്ന കത്തുകളും സമ്മാനങ്ങളുമൊക്കെ ഉണ്ടായിരുന്നു.” ദുഃഖഭാരത്തോടെ ഭാസ്കരൻ മുഖം കുനിച്ചിരുന്നു. മുണ്ടിന്റെ തലപ്പ് കൊണ്ടയാൾ ഇടയ്ക്കിടെ മിഴികളൊപ്പി.
അയാൾ പറഞ്ഞത് കേട്ട് അഭിഷേകിന്റെയും സൂര്യന്റെയും മുഖം വാടി. എങ്കിലും പ്രതീക്ഷ കൈവിടാതെ അവരിരുവരും നിർമല ഉപയോഗിച്ചിരുന്ന മുറിയിൽ തിരച്ചിൽ നടത്താൻ ആരംഭിച്ചു. ഓരോ മുക്കും മൂലയും അവർ വിശദമായി തന്നെ പരിശോധിച്ച് നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം.
“ഞങ്ങൾ പ്രതീക്ഷിച്ച പോലെ ഇവിടുന്ന് അന്വേഷണത്തിന് ഉതകുന്ന ഒന്നും കിട്ടിയില്ല. അവന്റെ ഒരു ഫോട്ടോ പോലുമില്ല. എന്തെങ്കിലും ഒരു ലീഡ് കിട്ടിയാലേ ഞങ്ങൾക്ക് അന്വേഷണം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കു. നിങ്ങൾക്ക് അവന്റെയൊരു ഏകദേശ രൂപമെങ്കിലും പറഞ്ഞു തരാൻ സാധിക്കുമോ?” അഭിഷേക് ഭാസ്കരനോട് ചോദിച്ചു.
“ഒരു ഏകദേശ രൂപം പറഞ്ഞു തരാൻ എനിക്ക് പറ്റും. പക്ഷേ അത് വച്ച് നിങ്ങൾക്കവനെ കണ്ട് പിടിക്കാൻ പറ്റുമോ?”
“ശ്രമിച്ചു നോക്കാമെന്നല്ലാതെ മറ്റൊന്നും ഞങ്ങൾക്കിപ്പോ പറയാൻ പറ്റില്ലല്ലോ. നന്നായി ചിത്രം വരയ്ക്കാൻ അറിയുന്നൊരാൾ ഞങ്ങളെ ഡിപ്പാർട്മെന്റിൽ ഉണ്ട്. ഞാൻ അയാളെയും കൂട്ടി ഉടനെ തന്നെ വരാം. എന്നിട്ട് നിങ്ങൾ പറയുന്നത് വച്ച് ഒരേകദേശ ചിത്രം വരപ്പിച്ചു നോക്കാം. എത്രത്തോളം ശരിയാകുമെന്ന് ഉറപ്പില്ലെങ്കിലും ആ വഴി കൂടി ശ്രമിച്ചു നോക്കാം.” അഭിഷേക് പറഞ്ഞു.
വന്ന കാര്യം സാധിക്കാതെ ഇരുവരും നിരാശയോടെയാണ് പല്ലാവൂരിലേക്ക് മടങ്ങിയത്.
🍁🍁🍁🍁🍁
മഹേഷിന്റെ രേഖാ ചിത്രം വരപ്പിച്ചുവെങ്കിലും ആ ചിത്രത്തിലെ ആളെ പോലെയല്ല മഹേഷിനെ കാണാണെന്ന് ഭാസ്കരൻ പറഞ്ഞതോടെ ആ വഴിയും അവർക്ക് മുന്നിൽ അടഞ്ഞു. അഭിഷേകിന്റെ അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടി. സൂര്യൻ നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തി വീണു.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോയി. നിർമല മരിച്ച് വർഷമൊന്ന് കഴിഞ്ഞു. മഹേഷിനെ കണ്ടെത്താൻ കഴിയാതെ അതൊരു കടം കഥയായി അവശേഷിച്ചു.
🍁🍁🍁🍁🍁
ഭാര്യ മരിച്ച ദുഃഖത്തിൽ സ്വയം കുടിച്ചു നശിക്കുന്ന രതീഷിനെ കാണുമ്പോൾ നീലിമയ്ക്ക് കുറ്റബോധം തോന്നും. താൻ കാരണമാണല്ലോ ചെറിയമ്മ മരിച്ചതെന്ന ചിന്ത അവളെ അപ്പോഴും അലട്ടിയിരുന്നു. അയല്പക്കത്തെ പെണ്ണുങ്ങളും നാട്ടുകാരുമൊക്കെ നീലിമ തന്നെയാണ് രതീഷ് ഇങ്ങനെ ആയിപോകാൻ കാരണമെന്ന് പറഞ്ഞ് അവളെ കുത്തി കുത്തി സംസാരിക്കുമ്പോൾ നീലിമയ്ക്ക് വേദന തോന്നും.
നീലിമയുടെ അമ്മമ്മ ജാനകിയുടെ മരണം അറിഞ്ഞപ്പോ തളർന്നു വീണതാണ്. പിന്നീടവർ കിടക്ക വിട്ട് എണീറ്റിട്ടില്ല. അതോടെ തുടർന്ന് പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് അമ്മമ്മയെ നോക്കി അവൾ വീട്ടിൽ തന്നെ ഇരുന്നു. സദാ സമയം അവരും കൊച്ചു മകളെ പ്രാകി കൊണ്ടാണ് കിടന്നിരുന്നത്.
രതീഷ് ജോലിക്ക് പോയി കിട്ടുന്ന കാശിലാണ് അവരുടെ വീട് കഴിഞ്ഞിരുന്നത്. പണിക്ക് പോയി കിട്ടുന്ന പൈസയിൽ കുപ്പിക്കുള്ള കാശ് മാറ്റി വച്ച ശേഷം ബാക്കി നീലിമയുടെ കൈയിൽ കൊടുക്കാറാണ് പതിവ്. അന്ന് രാത്രിയും കാശുമായി അയാൾ അവൾക്ക് മുന്നിലെത്തി.
“ചെറിയച്ഛൻ ഇങ്ങനെ കുടിച്ചു നശിക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല. എല്ലാം ഞാൻ കാരണമല്ലേ. ഇനിയെങ്കിലും എല്ലാം മറന്നൂടെ. ചെറിയച്ഛനും അമ്മമ്മയും അല്ലാതെ എനിക്കാരാ ഉള്ളത്. അമ്മമ്മയ്ക്കിപ്പോ ഒട്ടും വയ്യാതായിട്ടുണ്ട്. ചെറിയച്ഛൻ ഇനി കുടിക്കരുത്. എല്ലാം നിർത്തണം.” നീലിമ അപേക്ഷയോടെ രതീഷിനെ നോക്കി.
“ഇതൊക്കെ എന്നോട് പറയാൻ നിനക്കെന്ത് അർഹതയുണ്ട്. നീ കാരണമാണ് എനിക്കെന്റെ ജീവിതം നഷ്ടമായത്. രണ്ട് ജീവനുകൾ നീ കാരണം പൊലിഞ്ഞു പോയി… എന്നിട്ട് ഇതുവരെ അതേക്കുറിച്ച് നിന്നോട് ഞാനെന്തെങ്കിലും പറയാൻ വന്നോ?” രതീഷിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.
“ചെറിയമ്മ മരിച്ചു വർഷം ഒന്ന് കഴിഞ്ഞില്ലേ. ഇനിയിപ്പോ അതോർത്തു ദുഖിച്ചു സ്വയം നശിക്കണോ?” നീലിമ പറഞ്ഞു മുഴുവയ്ക്കുന്നതിന് മുൻപ് അവനവളുടെ കവിളിൽ ആഞ്ഞടിച്ചു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…