Sports

‘318 നോട്ടൗട്ട്’!; ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, തിലകിന് ലോക റെക്കോഡ്

ഇംഗ്ലണ്ടിനിതെരായ രണ്ടാം ടി20യില്‍ തിലക്‌ വര്‍മയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്‌ക്ക് അവിശ്വസനീയ വിജയം ഒരുക്കിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഏറെ പക്വതയോടെ കളിച്ച 22-കാരന്‍ 55 പന്തില്‍ 72 റണ്‍സുമായി പുറത്താവാതെ നിന്നാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. പ്രകടനത്തോടെ ടി20 ക്രിക്കറ്റിലെ ഒരു ലോക റെക്കോഡ് തന്‍റെ പേരിലേക്ക് എഴുതിച്ചേര്‍ത്തിരിക്കുകയാണ് തിലക്.

ഐസിസിയില്‍ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളില്‍ ടി20 ക്രിക്കറ്റില്‍ പുറത്താകാതെ 300ലേറെ റണ്‍സടിക്കുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് ഇന്ത്യന്‍ യുവതാരം സ്വന്തമാക്കിയത്. അവസാനം കളിച്ച നാല് മത്സരങ്ങളിലും തിലകിന്‍റെ വിക്കറ്റ് വീഴ്‌ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ 16 പന്തില്‍ 19* റണ്‍സായിരുന്നു താരം നേടിയത്. ഇതിന് മുന്നെ ദക്ഷിണാഫ്രിക്കക്കെതിരെ 56 പന്തില്‍ 107*, 47 പന്തില്‍ 107* എന്നിങ്ങനെയും തിലക് സ്‌കോര്‍ ചെയ്‌തു. ഈ നാല് ഇന്നിങ്‌സിലുമായി പുറത്താവാതെ 318 റണ്‍സാണ് തിലക് അടിച്ച് കൂട്ടിയിട്ടുള്ളത്.

ന്യൂസിലന്‍ഡിന്‍റെ മാര്‍ക് ചാപ്‌മാന്‍ പുറത്താകാതെ നേടിയ 271റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 65*, 16*, 71*, 104*, 15 എന്നിങ്ങനെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ചാപ്‌മാന്‍ റെക്കോഡിലേക്ക് എത്തിയത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (240 റണ്‍സ്- 68*, 172), ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ (240 റണ്‍സ് – 57*, 74*, 73*, 36), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (239 റണ്‍സ്- 100*, 60*, 57*, 2*, 20) എന്നിവരാണ് പിന്നിലുള്ളത്.

അതേസമയം മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് 165 റണ്‍സായിരുന്നു നേടിയത്. 30 പന്തില്‍ 45 റണ്‍സടിച്ച ജോസ് ബട്‌ലര്‍ ടോപ്‌ സ്‌കോററായി. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ എട്ട് വിക്കറ്റിന് 166 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് ആതിഥേയര്‍ മുന്നിലെത്തി.

Related Articles

Back to top button
error: Content is protected !!