37കാരി പെറ്റോംഗ്തർ ഷിനാവത്ര തായ്‌ലാൻഡ് പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി
തായ്‌ലാൻഡിൽ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകൾ പെറ്റോംഗ്തർ ഷിനാവത്ര പ്രധാനമന്ത്രി പദത്തിലേക്ക്. 37കാരിയായ പെറ്റോംഗ്തർ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതിയോടെയാണ് ഭരണ കസേരയിൽ എത്തുന്നത്. നാടകീയ സംഭവ വികാസങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് പെറ്റോംഗ്തറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനപ്രതിനിധികൾ പിന്തുണച്ചത്
ഫ്യൂ തായ് പാർട്ടിയുടെ നിലവിലെ നേതാവാണ് പെറ്റോംഗ്തർ. ഷിനാവത്ര കുടുംബത്തിലെ അംഗമായ ഇവർ തക്‌സിന്റെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ്. ഷിനാവത്ര കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി ആകുന്ന നാലാമത്തെ ആളും രണ്ടാമത്തെ വനിതയുമാണ് പെറ്റോംഗ്തർ. നേരത്തെ തക്‌സിന്റെ സഹോദരിയും പെറ്റോംഗ്തറിന്റെ ആന്റിയുമായ യിംഗ് ലക്ക് ഷിനാവത്രയും തായ്‌ലാൻഡ് പ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടുണ്ട്
രാജ്യം വലിയ രാഷ്ട്രീയ അസ്ഥിരാവസ്ഥയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ കാര്യമായ അനുഭവ പരിചയമൊന്നുമില്ലാത്ത പെറ്റോംഗ്തർ പ്രധാനമന്ത്രി പദത്തിൽ എത്തുന്നത്.