കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 95
രചന: റിൻസി പ്രിൻസ്
പിന്നെ പരമസുഖമാ, വിശേഷം എന്താണെന്നുവെച്ചാൽ ഒരു വലിയ വിശേഷം ഉണ്ട് അത് എല്ലാരോടും പറയാൻ വേണ്ടി തന്നെ ഇരിക്കുകയായിരുന്നു. എന്റെ ഗൾഫിലെ ജോലി പോയി കിട്ടി…! ഇനിയിപ്പോ എന്നും എന്നെ കാണാം,
അത്രയും പറഞ്ഞ് അവൻ അകത്തേക്ക് കയറിയപ്പോൾ സതിയുടെയും സുഗന്ധിയുടെയും ഇടനെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിരുന്നു.
” തമാശ പറയാണോ നീ…
അവന്റെ മുഖത്തേക്ക് സതി നോക്കി ചോദിച്ചു.
“തമാശ പറയാൻ പറ്റിയ ഒരു കാര്യമാണോ ഇത്… അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇക്കാര്യത്തിൽ തമാശ പറയുന്നത്..
” അപ്പോ നിന്റെ ജോലി പോയിന്നാണോ നീ പറയുന്നത്
” ഏകദേശം പോയമട്ടാ ഇനിയിപ്പോൾ തിരിച്ച് അങ്ങോട്ട് കേറി ചെല്ലേണ്ട എന്ന് അവര് പറഞ്ഞിരിക്കുന്നത്,
” അങ്ങനെ അവർ പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നത്..?
സുഗന്ധി ദേഷ്യത്തോടെ ചോദിച്ചു
” അത് അവരുടെ കമ്പനിയാണ് അവർക്ക് തീരുമാനിക്കാം, കുറച്ച് ആളുകളെ കമ്പനിയിൽനിന്ന് പറഞ്ഞു വിട്ടിട്ടുണ്ടായിരുന്നു. പ്രായമായവരെയും ചില രോഗങ്ങൾ ഉള്ളവരെ ഒക്കെ അതിൽ നിന്ന് പറഞ്ഞുവിട്ടത്. ഞാൻ വരുന്നതുവരെ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു നഷ്ടത്തിലാണ് കമ്പനി മാത്രമല്ല ചെറിയ ശമ്പളത്തിന് ജോലി എടുക്കാൻ ബംഗാളികളെ പോലുള്ളവരൊക്കെ തയ്യാറായിട്ട് വരുന്നുമുണ്ട്, അപ്പൊ പിന്നെ നേരത്തെ എക്സ്പീരിയൻസ് ആയിട്ടുള്ള ഒരുപാട് സാലറി വാങ്ങുന്ന ആളുകളെ പറഞ്ഞു വിടുക എന്നുള്ളത് മാത്രമാണ് കമ്പനിക്ക് മുൻപിലുള്ള ഏക കടമ്പ.. അതാണ് അവര് ചെയ്തുകൊണ്ടിരിക്കുന്നത്. എന്റെ കൂടെയുള്ള ഒന്ന് രണ്ട് പേർക്കും കൂടി ഇതുപോലെ ജോലി പോയിട്ടുണ്ട്. വേറെ എവിടെയെങ്കിലും ഇനി നോക്കണം..
അവൻ തമാശ പറയുന്നതല്ല എന്ന് അവന്റെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സതിക്കും മനസിലായി..
” കമ്പനിയിൽ ഇങ്ങനെ ഒരു പ്രശ്നം നിലനിൽക്കുകയായിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് ഏട്ടൻ ഇങ്ങോട്ട് കയറി വരേണ്ട ആവശ്യമുണ്ടായിരുന്നോ.? അങ്ങനെ ആയിരുന്നെങ്കിൽ അവിടെ തന്നെ നിന്ന് എന്തെങ്കിലും ജോലിക്ക് ശ്രമിക്കാരുന്നില്ലേ.?ഉള്ള ജോലിയും പോയി ഇനി തിരിച്ചു കയറി പോകണമെങ്കിൽ നല്ല കാശും ആകും.
പരിതാപത്തോടെ സുഗന്ധി പറഞ്ഞു
” അതെങ്ങനെയാ? അവന് അവിടെ സമാധാനം കൊടുക്കണ്ടേ? കയറി വരാൻ പറഞ്ഞു നീറ്റിലും നിലയിലും നിർത്തിയിട്ടുണ്ടായിരിക്കില്ല ഇവള്… അതുകൊണ്ടല്ലേ അവൻ എത്രയും പെട്ടെന്ന് കയറിവന്നത്, ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ അണുവിട തെറ്റാതെ അവനോട് വിളിച്ചു പറയേണ്ട, അങ്ങനെ സ്വൈര്യം കൊടുക്കാതെ വന്നപ്പഴാ അവൻ അവിടുന്ന് തിരിച്ചു കയറി വന്നത്. ഏതായാലും അവന്റെ ജോലിയും കൂടി ഇല്ലാതെയാക്കി, നല്ല ഐശ്വര്യം ആണ്. വന്നു കയറിയപ്പോൾ തൊട്ട് ഈ കുടുംബത്തിൽ പ്രശ്നങ്ങളോട് പ്രശ്നങ്ങളും, ഈ ഐശ്വര്യം കേട്ടതിനെയൊക്കെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടെന്ന് ആദ്യം തന്നെ ഞാൻ ഇവനോട് പറഞ്ഞത് ആണ്.. അന്നേരം അവൻ അവളുടെ തൊലി വെളുപ്പിൽ മയങ്ങിപ്പോയി.. ഇപ്പൊ പിച്ചച്ചട്ടി എടുത്തപ്പോൾ നിനക്ക് സമാധാനം ആയല്ലോ,
മീരയുടെ മുഖത്തേക്ക് നോക്കി അവർ ശാപവാക്കുകൾ ഉതിർത്തപ്പോൾ മറുപടി പറയാതിരിക്കാൻ സുധിയ്ക്ക് സാധിച്ചിരുന്നില്ല. അവളുടെ കണ്ണുകൾ ചുവക്കുന്നതും അത് നിറയാൻ വേണ്ടി നിൽക്കുന്നതും അവൻ മനസ്സിലാക്കിയിരുന്നു.
“അമ്മയ്ക്ക് എന്താണ്… എന്തുണ്ടെങ്കിലും മീരയുടെ മുകളിലേക്ക് കയറിക്കോണം, എല്ലാ കാര്യവും മീരയുടെ കുറ്റമാണെന്നാണോ അമ്മ പറയുന്നത്, ഞാൻ ഇവിടെ പറയാത്ത എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്നറിയാമോ…? നാട്ടിൽ വരുന്നതിനുമുമ്പ് രണ്ടുമാസം അവിടെ ഞങ്ങൾക്ക് നല്ല ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. രണ്ടുമാസം ജോലിയുണ്ടായിരുന്നില്ല. ലീവെടുത്ത് റൂമിൽ ഇരുന്നോ എന്നാണ് കമ്പനി പറഞ്ഞത്. വെറുതെ റൂമിലിരുന്നെങ്കിലും ഞങ്ങളുടെ ചെലവിന് പോലും അവിടെ പൈസയുണ്ടായിരുന്നില്ല.. അങ്ങനെ ആണ് ഞാൻ അവസാനം നാട്ടിലേക്ക് കയറി വന്നതും, ബിസ്‌ക്കറ്റും കുബ്ബൂസ്സും മാത്രം ആയിരുന്നു ഈ കഴിഞ്ഞ രണ്ടുമാസം ഞാൻ ഭക്ഷണമായിട്ട് കഴിച്ചിരുന്നത് പോലും, ആരോടും പറഞ്ഞിട്ടില്ല, നിങ്ങളെ ആരെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്..
അവൻ പറഞ്ഞപ്പോൾ ഞെട്ടലോടെ മീരയും അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു. രണ്ടുമാസക്കാലം സാലറി പെൻഡിങ് ആണ് എന്ന് അവൻ പറഞ്ഞിരുന്നു. അതിനാൽ രണ്ടുമാസം പണമയക്കാൻ സാധിച്ചില്ലന്നും, അത്യാവശ്യം ഉണ്ടേൽ പറയണം എന്ന് പറഞ്ഞിരുന്നു. സുഹൃത്തുക്കളോട് വാങ്ങി തരാം എന്നും പറഞ്ഞു, സത്യം അറിഞ്ഞപ്പോൾ വല്ലാത്ത വേദന തന്നെ അവൾക്ക് തോന്നിയിരുന്നു…
” മിക്കവരും ഇങ്ങനെയൊക്കെ തന്നെയാണ് ഏട്ടാ,രണ്ടു മൂന്നു മാസം ഭക്ഷണം ഒന്നുമില്ലാതെ ജീവിക്കുന്ന എത്രയോ ആളുകൾ ഉണ്ട്. ജീവിതത്തിൽ വിജയിക്കണമെന്നുണ്ടെങ്കിൽ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ.
ഒരു ഞെട്ടലും ഇല്ലാതെ സുഗന്ധി പറഞ്ഞപ്പോൾ എന്തു മറുപടി പറയണം എന്ന് പോലും ആ നിമിഷം സുധിയ്ക്ക് അറിയുമായിരുന്നില്ല. താൻ ഭക്ഷണം കഴിക്കാത്തതിന്റെ വേദനയോ ഞെട്ടലോ ആവലാതിയോ ഒന്നും തന്നെ അവളിൽ അവൻ കണ്ടിരുന്നില്ല. ഒപ്പം സതിയിലും സാധാരണ അമ്മമാർക്ക് മക്കൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ സങ്കടമാണ്.. അവരിൽ അത്തരം ഒരു ഭാവം ഉണർന്നില്ല എന്നാണ് ആ നിമിഷം അവൻ ചിന്തിച്ചിരുന്നത്.
“രണ്ടോ മൂന്നോ മാസം നിന്റെ ഭർത്താവാണ് ഇങ്ങനെ ഒരു അന്യ നാട്ടിൽ പോയി കിടന്ന് അനുഭവിക്കുന്നത് എങ്കിൽ നിനക്ക് ഇത്ര ലാഘവത്തോടെ ഈ ഒരു കാര്യം പറയാൻ സാധിക്കുമോ.? ഞാൻ അവിടെ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട് നിങ്ങളോട് പറയുന്നത് ഇന്ന് ആണെന്ന് മാത്രം, എന്തിന് തുടക്കകാലത്ത് നിന്റെ കല്യാണം നടത്താനും ഞാൻ ഒരുപാട് ഇതുപോലെ അവിടെ പട്ടിണി കിടന്നു തന്നെയാണ് ബുദ്ധിമുട്ടിയിട്ടുള്ളത്. പക്ഷേ അതിനെക്കുറിച്ച് ഒന്നും ഞാൻ ആരോടും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ലല്ലോ. ഇപ്പോ സാഹചര്യത്തെക്കുറിച്ച് ചോദിച്ചതുകൊണ്ട് മാത്രം തുറന്നു പറഞ്ഞതാണ്.
” ഞാൻ അങ്ങനെ ഏട്ടനെ കുറ്റപ്പെടുത്തി പറഞ്ഞതല്ല ഇതൊക്കെ അതിന്റെ ഒരു ഭാഗമാണെന്ന് പറഞ്ഞത് ആണ്
സുഗന്ധി വിളറി പറഞ്ഞു
” മനസ്സിലായി എല്ലാവരെയും ഞാൻ മനസ്സിലാക്കി വരുന്നതേയുള്ളൂ
” എന്തിനാ സുധി നീ ഇങ്ങനെ ഇടയ്ക്ക് കുത്തും കോളും വെച്ച് സംസാരിക്കുന്നത്,
സതി ചോദിച്ചു
“അമ്മ, മനസ്സ് തകർന്ന ഞാൻ ഇങ്ങോട്ട് കയറിവന്നത്. മൊത്തത്തിൽ എനിക്ക് ഒട്ടും മനസ്സുഖം ആയിട്ട് ഇല്ല. ദയവു ചെയ്തു അമ്മ കുറച്ചുനേരത്തേക്ക് എങ്കിലും എനിക്കൊരു സമാധാനം തരണം. ഞാൻ കുറച്ചുനേരം ഇവിടെ സമാധാനത്തോടെ ഇരുന്നോട്ടെ അതും പറഞ്ഞ് അവൻ അകത്തേക്ക് നടന്നപ്പോൾ മീര അവിടെ ഒറ്റപ്പെട്ടു പോയി എന്ന് അവനെ തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അടുത്ത നിമിഷം തന്നെ അവളെയും വിളിച്ചു, അവർക്ക് അരികിലൂടെ അവന്റെ അരികിലേക്ക് അവൾ നടന്നു പോയപ്പോൾ രണ്ടുപേരും രൂക്ഷമായ രീതിയിൽ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു..
” ഇനിയിപ്പോൾ എന്ത് ചെയ്യുവാ അമ്മേ, ജോലി ഏകദേശം പോയ മട്ടാണെന്ന് തന്നെയല്ലേ ഏട്ടൻ പറഞ്ഞത്… ഏതായാലും അത് കള്ളമാണെന്ന് തോന്നുന്നില്ല.. എന്റെ ബലമായ സംശയം ഇത് അവളുടെ ബുദ്ധിയാണെന്ന് ആണ്.. നമ്മളെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഏട്ടനോട് പറഞ്ഞതായിരിക്കും. ഇനി കുറച്ചു നാളത്തേക്ക് ജോലിക്കൊന്നും പോകണ്ട എന്ന്..
സുഗന്ധി പറഞ്ഞു
“അവൾ അങ്ങനെ പറഞ്ഞാലും അവൻ അത് സമ്മതിച്ചു കൊടുക്കുമോ.? ഒന്നുമല്ലെങ്കിലും ഈ വീട്ടിലെ ആവശ്യങ്ങളൊക്കെ അവൻ മറക്കുമോ.?
” അമ്മേ അതൊക്കെ ഒരു സമയം വരെ മാത്രമേ ഉള്ളൂ, കല്യാണം കഴിഞ്ഞ് ഭാര്യ പറയുന്നതിനപ്പുറം ഒരാളും അങ്ങോട്ടുമിങ്ങോട്ടും പോവില്ല. അമ്മ ഒരു കാര്യം നോക്കിക്കേ വീട്ടിലെ ചെലവിന് വേണ്ടി ഞാൻ ഒരു രൂപ പോലും കൊടുക്കാൻ അജയേട്ടനെ സമ്മതിപ്പിക്കില്ല. ചേട്ടൻ ആദ്യം ആ കാലങ്ങളിലൊക്കെ ഞാൻ അറിയാതെ കൊടുക്കുകയായിരുന്നു ഇപ്പോഴാണെങ്കിൽ അങ്ങനെ കൂടിയില്ല. എന്താ കാരണം ഞാൻ വഴക്കുണ്ടാക്കുന്ന് അറിയാം, അതുപോലെ തന്നെ അല്ലേ എല്ലാവരും, പതുക്കെ പതുക്കെ അവള് പണി തുടങ്ങിയെന്ന് എനിക്ക് തോന്നുന്നത്. ഏതായാലും അമ്മ നന്നായി ഒന്ന് സൂക്ഷിച്ചോ, ഈ പറഞ്ഞതിനും ചെയ്തതിനൊക്കെ അവള് തിരിച്ച് അമ്മയ്ക്ക് മിക്കവാറും ഒരു നല്ല പണി തന്നെ തരാനുള്ള ചാൻസുണ്ട്. ഏതായാലും ഞാൻ പോവാ ഇനി ഇവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ. ഏട്ടൻ ഏതായാലും ഒരു രൂപ പോലും ഇല്ലാതെ വന്നിരിക്കുന്നത്. ഇനി ഞാൻ ഇവിടെ ഇരുന്ന് ചിലപ്പോൾ എനിക്ക് തന്ന സ്വർണം കൂടി ഏട്ടൻ തിരിച്ചു ചോദിക്കും. അങ്ങനെ ഒരു അവസ്ഥ വരുന്നതിലും നല്ലത് എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നത് ആണ്.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അമ്മ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി. പിന്നെ പറയാൻ മറക്കല്ലേ. ഞാൻ വേഗം പോവാൻ നോക്കട്ടെ, ഈ സാഹചര്യത്തിൽ ഏട്ടൻ ചിലപ്പോൾ പൈസയോ സ്വർണമോ ഒക്കെ ചോദിക്കാനുള്ള ചാൻസ് ഉണ്ട്. അതിനൊരു ഇടം കൊടുക്കാതെ എത്രയും പെട്ടെന്ന് പോകുന്നത് തന്നെയാണ് നല്ലത്. എന്തായാലും ഇവിടുത്തെ വിവരങ്ങളൊക്കെ എന്നെ വിളിച്ചു പറയണേ,
അത്രയും പറഞ്ഞ കുട്ടികളെയും പെട്ടെന്ന് ഒരുക്കി സുഗന്ധി പുറപ്പെട്ടപ്പോൾ താൻ ഈ വീട്ടിൽ ഒറ്റയ്ക്കായി പോയത് പോലെ സതിയ്ക്ക് തോന്നിയിരുന്നു…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…