ഒരു ലിറ്ററിന് 600 രൂപ; കോലിയും അനുഷ്കയും കുടിക്കുന്നത് ഇന്ത്യയിലെ വെള്ളമല്ല
പൊതുവേ സെലിബ്രേറ്റികളെല്ലാം ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അത്തരത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശർമയും (Virat Kohli and Anushka sharma). ഭക്ഷണം, വ്യായാമം, ഫിറ്റ്‌നസ് തുടങ്ങി ഓരോ കാര്യങ്ങളിലും അതീവ ശ്രദ്ധയും നിയന്ത്രണവും പുലർത്തുന്നവരാണ് ഇരുവരും. കുടിക്കുന്ന വെള്ളം വരെ സ്‌പെഷ്യലാണെന്ന് പറയുമ്പോൾ തന്നെ നമുക്ക് ഊഹിക്കാൻ സാധിക്കും ഇരുവരും പിന്തുടരുന്ന ആരോഗ്യ ജീവതിരീതി എത്രത്തോളം ശ്രദ്ധയോടെയാണെന്നുള്ളത്.
ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നവർ നിരവധി പേരുണ്ട്. എന്നാൽ കുടിക്കുന്ന വെള്ളത്തിത്തിൽ ആ മാറ്റം വേണമെന്ന് നിഷ്‌കർഷയുള്ളവരാണ് കോലിയും അനുഷ്‌കയും. ഇരുവരും കുടിക്കുന്ന വെള്ളം ഇന്ത്യയിലേതല്ലെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതെ അവർ കുടിക്കുന്ന വെള്ളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സാധാരണക്കാരുടെ കാഴ്ചപ്പാട് വെച്ച് നോക്കിയാൽ ആ വെള്ളത്തിന് വലിയ വിലയുമുണ്ട്. ഒരു വിധത്തിലുള്ള കൃത്രിമത്വവും ചേർക്കാത്ത, പ്രകൃതിയിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് ഏറ്റവും ശുദ്ധജലം എന്ന് നമുക്ക് അറിയാവുന്നതാണ്.
സ്വിറ്റ്‌സർലൻഡ്-ഫ്രാൻസ് അതിർത്തിയിലുള്ള ഒരു തടാകത്തിൽനിന്നാണ് കോലിക്കും അനുഷ്‌കയ്ക്കുമുള്ള കുടിവെള്ളം എത്തുന്നത്. എവിയൻ ലെസ് ബെയിൻസ് എന്നോ എവിയൻ എന്നോ അറിയപ്പെടുന്ന പ്രദേശത്തെ തടാകത്തിലെ വെള്ളമാണ് ഇരുവരും കുടിക്കുന്നത്. ഒരു തരത്തിലുള്ള രാസവസ്തുക്കളാലും മലിനമാകാത്ത വെള്ളമെന്ന നിലയിൽ പ്രശസ്തമാണ് ഈ തടാകത്തിലെ ജലം. ശുദ്ധജലമായതിനാൽ തന്നെ എവിയനിലെ തടാകത്തിലെ വെള്ളം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഫ്രാൻസ് കയറ്റിയയക്കാറുണ്ട്.
ജനീവ തടാകത്തിന്റെ ദക്ഷിണതീരത്താണ് എവിയൻ ലെസ് ബെയിൻസ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണെന്ന പ്രത്യോകതയും ഇതിനുണ്ട്. ഈ വെള്ളത്തിന് ഒരു ലിറ്ററിന്റെ ഒരു ബോട്ടിലിന് 600 രൂപയാണ് നൽകേണ്ടത്. ഒരുദിവസം രണ്ടുലിറ്റർ വെള്ളം വാങ്ങണമെങ്കിൽ 1200 രൂപവേണ്ടിവരും. ഒരു ഡസൻ വെള്ളത്തിന് 4,200 രൂപയാണ് ആമസോണിൽ ഇതിന് വില വരുന്നത്. കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ എവിയൻ ജലം മികച്ച ഗുണമേന്മയുള്ളതാണെന്നാണ് പറയപ്പെടുന്നത്. സിലിക്ക അടങ്ങിയ വെള്ളം ഞരമ്പുകളുടെയും മസിലുകളുടെയും പ്രവർത്തനത്തെ മികച്ചതാക്കുന്നുവെന്നും അവകാശപ്പെടുന്നു.