ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി വൈകാരികത മുതലെടുത്ത് വോട്ട് തേടുന്നു: സത്യൻ മൊകേരി
Nov 1, 2024, 12:21 IST

പ്രിയങ്ക ഗാന്ധിയുടേത് വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ജനകീയ പ്രശ്‌നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ പ്രിയങ്ക ഗാന്ധി തയ്യാറാകുന്നില്ല. അത്തരം സംവാദങ്ങൾക്ക് സ്ഥാനാർഥി എന്ന നിലയിൽ താൻ തയ്യാറാണെന്നും സത്യൻ മൊകേരി പറഞ്ഞു. എംപിയായി തെരഞ്ഞെടുത്തിട്ടും ദുരന്തമുണ്ടായ അത്യാവശ്യഘട്ടത്തിൽ വയനാടിനൊപ്പം നിൽക്കാത്ത രാഹുൽ ഗാന്ധി വയനാടൻ ജനതയെ വഞ്ചിച്ചു. സഹോദരിയെ സ്ഥാനാർഥി ആക്കുന്നതിലൂടെ ജനപക്ഷ എംപിയെ ലഭിക്കാത്ത അവസ്ഥ വയനാടിന് ഉണ്ടാവുമെന്നും സത്യൻ മൊകേരി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്കയും ഇവിടെ വന്ന് അതിഥിയായി പോകുമെന്നും അവർ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രിയങ്ക മണ്ഡലത്തിലെ ആദ്യ റൗണ്ട് കോർണർ മീറ്റിങ്ങുകൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇടതു സ്ഥാനാർഥി വിമർശനവുമായി രംഗത്തെത്തിയത്.