ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍
യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ വരെ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ഗാസയിലുള്ള ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ നിന്നാണ് രോഗികളെ ബലമായി ഒഴിപ്പിച്ചത്. ഇതിനെതിരെ ഗസയിലെ ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. വടക്കന്‍ മേഖലയിലെ അല്‍ അവ്ദ, കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍സ് എന്നീ ആശുപത്രികളുടെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തു.
ചില രോഗികള്‍ ദൂരെയുള്ള ആശുപത്രികളില്‍ കാല്‍നടയായി എത്തി. ഇപ്പോഴും ഭാഗികമായി പ്രവര്‍ത്തിക്കുന്ന ഗാസയിലെ ചുരുക്കം ആശുപത്രികളിലൊന്നാണു ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍. ആശുപത്രി സ്ഥിതി ചെയ്യുന്ന വടക്കന്‍ മേഖലയിലെ ബെയ്റ്റ് ലഹിയ, ബെയ്റ്റ് ഹനൗണ്‍, ജബേലിയ എന്നിവിടങ്ങളിലെ ഹമാസ് ഭീകരരെ ലക്ഷ്യംവച്ചാണു ഇസ്രേലി സേനയുടെ നീക്കം.
ആശുപത്രി അധികൃതരോടു ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രേലി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുനീര്‍ അല്‍ ബുര്‍ഷ് പറഞ്ഞു. ആശുപത്രികള്‍ ബലമായി ഒഴിപ്പിക്കുന്നത് സാധാരണക്കാരായ രോഗികളെ അടക്കം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.