യുഎഇ തേടുന്നത് ആയിരത്തോളം അധ്യാപകരെ; ദുബൈയില്‍ മാത്രം നിലവിലുള്ളത് എഴുന്നൂറില്‍ അധികം ഒഴിവുകള്‍
അബുദാബി: അധ്യാപകര്‍ക്ക് മികച്ച അവസരം നല്‍കുന്ന രാജ്യമായ യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ആവശ്യമുള്ളത് തൊളളായിരത്തില്‍ അധികം അധ്യാപകരെ. ദുബൈയില്‍ മാത്രം 700 അധ്യാപകരുടെ ഒഴിവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് എമിറേറ്റുകളില്‍ വന്നിരിക്കുന്ന ഒഴിവുകൂടി ഇതോടൊപ്പം കൂടുന്നതോടെ ഇത് 906 ആയി വര്‍ധിക്കും. അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനിയും ആറു മാസത്തില്‍ അധികം ബ്ാക്കിയുണ്ടെന്നിരിക്കേ ഒഴിവുകളുടെ എണ്ണം ആയിരത്തിന് മുകളിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓണ്‍ലൈന്‍ റിക്രൂട്ടിങ് വെബ്‌സൈറ്റായ ടിഇഎസ് ആണ് രാജ്യത്തെ അധ്യാപകരുടെ ഒഴിവുകളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ദുബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് അബുദാബിയിലാണ്. ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 130 അധ്യാപകരുടെ ഒഴിവാണ്. റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലും നൂറിന് താഴെയായി അധ്യപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്‌സ്, സയന്‍സ് എന്നിവക്കൊപ്പം ഭാഷാ അധ്യാപകര്‍ക്കുമാണ് കൂടുതല്‍ അവസരം ലഭിക്കുക.
ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. അധ്യാപക പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുമുണ്ട്. ഈ മാസം അവസാനത്തോടെ അപേക്ഷ തരംതിരിച്ച് ജൂണില്‍ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കാനാണ് വിദ്യാലയങ്ങള്‍ പദ്ധയിടുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പ്, ,തലീം ഗ്രൂപ്പ് തുടങ്ങിയ മാനേജ്‌മെന്റുകളെല്ലാം മികച്ച അധ്യാപകരെ തേടുന്ന തിരക്കിലാണ്.