മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
Mar 27, 2025, 08:40 IST

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ് ഉയരുക. ഇന്ന് വൈകീട്ട് നാലു മണിക്കാണ് മുഖ്യമന്ത്രി ടൗൺഷിപ്പ് നിർമാണത്തിന് തറക്കല്ലിടുക. കൽപ്പറ്റ ബൈപ്പാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിൽ ഏഴ് സെന്റ് വീതമുള്ള സ്ഥലങ്ങളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ നിർമിക്കുന്നത്. പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, റവന്യു മന്ത്രി കെ രാജൻ, പികെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ ടൗൺഷിപ്പിലുണ്ടാകും ടൗൺഷിപ്പിൽ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് സമ്മത പത്രം നൽകിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു.