സുവർണക്ഷേത്രം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തി; സ്ഥിരീകരിച്ച് സൈന്യം

ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേന മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ സുവർണ ക്ഷേത്രത്തിന് നേർക്കുള്ള എല്ലാ ഭീഷണികളും ഇന്ത്യൻ സേന തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു
പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായി മെയ് 7, 8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചെന്നാണ് സൈന്യം പറയുന്നത്
പാക് സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യം വെക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനം സുവർണ ക്ഷേത്രമായിരുന്നു. മെയ് 8ന് പുലർച്ചെ ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാൻ വലിയ വ്യോമാക്രമണം നടത്തി. എന്നാൽ ഇന്ത്യൻ സേന സജ്ജമായിരുന്നു. പാക്കിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും പൂർണമായും നശിപ്പിച്ചെന്നും മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി അറിയിച്ചു.