Kerala
വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു

ഷാർജയിൽ മലയാളി യുവതി വിപഞ്ചികയും ഒന്നര വയസുകാരി മകളും മരിച്ച സംഭവത്തിൽ പോലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലയുടെ പരാതിയിലാണ് കേസ്. ഭർത്താവ് നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ പിതാവ് മൂന്നാം പ്രതിയുമാണ്.
ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയും ഒന്നര വയസുള്ള മകളുമാണ് മരിച്ചത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ നിതീഷിൽ നിന്ന് വിപഞ്ചിക പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. ഇതിനാൽ തന്നെ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്റെ തുടർച്ചയായി കണ്ട് അന്വേഷണം നടത്താനാകുമെന്നും കുടുംബം പറയുന്നു.