നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29ന്; സോണിയക്കും രാഹുലിനും നിർണായകം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ കോടതി ഈ മാസം 29 ന് വിധി പറയും. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. വിചാരണ കോടതിയിൽ കേസിന്റെ വാദങ്ങൾ പൂർത്തിയായി കേസിൽ ഇരുവരേയും ഒന്നും രണ്ടും പ്രതികളാക്കി ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചുവെന്നും കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം.
ജവഹർലാൽ നെഹ്റു 1937 ൽ സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ൽ ഡൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹരജിയിൽ 2021 ൽ ഇ ഡി അന്വേഷണം ആരംഭിച്ചത്.