World
ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം
ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം. ബ്രിസ്‌ബേനിലെ ടൂറിസ്റ്റ് കേന്ദ്രമായ വൂറിം ബീച്ചിലാണ് സംഭവം. കരയിൽ നിന്നും 100 മീറ്റർ അകലെ വെച്ചാണ് പെൺകുട്ടിയെ സ്രാവ് ആക്രമിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ചാര്‍ലിസ് സെമുഡ എന്ന കുട്ടിയാണ് മരിച്ചത്. കടലിൽ നീന്തുകയായിരുന്ന പെൺകുട്ടിയെ സ്രാവ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ വൂറിം ബീച്ച് അധികൃതർ അടച്ചിട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പലതവണ സ്രാവുകളെ കണ്ടതായി പ്രാദേശിക അധികാരികൾ പറയുന്നു. അപകടസാധ്യത ഉണ്ടായിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് ദാരുണ സംഭവത്തിലേക്ക് എത്തിയതെന്ന വിമർശനവുമുയരുന്നുണ്ട്.