" "
Gulf

ഭാര്യക്ക് സ്വസ്ഥമായി കുളിക്കാന്‍ ദുബൈ ബിസിനസുകാരന്‍ അഞ്ചു കോടി ഡോളറിന് ദ്വീപ് വാങ്ങി

ദുബൈ: തന്റെ ഭാര്യക്ക് യാതൊരു ശല്യങ്ങളുമില്ലാതെ നീന്തിത്തുടിക്കാന്‍ സ്വന്തമായി സ്വകാര്യ ദ്വീപ് വിലക്കു വാങ്ങി ബിസിനസുകാരന്‍. വീട്ടമ്മയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സഊദി അല്‍ നദാക്കി(26)നാണ് ഒരു ദ്വീപുതന്നെ ഭര്‍ത്താവ് വിലക്കുവാങ്ങി നല്‍കിയിരിക്കുന്നത്.

സഊദിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദ്വീപിന്റെ ചിത്രം ഉള്‍പ്പെടെ വിഡിയോയായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വൈറലാവാന്‍ അധികനേരം വേണ്ടി വന്നില്ല. ദുബൈയിലെ ബിസിനസുകാരനായ ജമാല്‍ അല്‍ നദക്കാണ് പ്രിയതമയ്ക്ക് ദ്വീപ് സമ്മാനിച്ചത്. യുകെ സ്വദേശിനിയായ സഊദ് ദുബൈയില്‍ പഠിക്കാന്‍ വന്നപ്പോഴാണ് ജമാലിനെ പരിചയപ്പെടുന്നത്. അടുപ്പം മൂന്നു വര്‍ഷം മുന്‍പ് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും സംഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് സഊദ് പ്രശസ്തയായത്. ഒരൊറ്റ ദിവസം 10 ലക്ഷം ഡോളറിന്റെ ഡയമണ്ട് റിങ് വാങ്ങിയതും 20 ലക്ഷം ഡോളറിന്റെ ആര്‍ട്ട് വര്‍ക്ക് സ്വന്തമാക്കിയതുമെല്ലാം ഇവര്‍ പങ്കിട്ടിരുന്നു.

സ്വകാര്യ ദ്വീപ് സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട ഇവരുടെ വിഡിയോ ഒരാഴ്ചക്കകം 24 ലക്ഷം ആളുകളാണ് കണ്ടത്. തനിക്ക് സ്വസ്ഥമായി നീന്തി തുടിക്കാനാണ് ഭര്‍ത്താവ് ദ്വീപ് സ്വന്തമാക്കിയത്. ഇത് നല്ലൊരു നിക്ഷേപം കൂടിയാണെന്നും സഊദ് ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു.

അതേ സമയം സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തി എവിടെയാണ് ദ്വീപ് സ്ഥിതിചെയ്യുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏഷ്യയിലാണെന്നും അഞ്ചു കോടി ഡോളര്‍ ചെലവിട്ടെന്നും മാത്രമാണ് ദ്വീപിന്റെ വിഡിയോ പങ്കിട്ട ഇവരുടെ വെളിപ്പെടുത്തല്‍.

സഊദ് പൊങ്ങച്ചക്കാരിയാണെന്ന വിമര്‍ശനവും കമന്റായി വിഡിയോക്ക് താഴെ നിറയുന്നുണ്ട്. കള്ളപ്പണമാണെന്നുവരെ എഴുതുന്നവരുണ്ട്. എന്തുകൊണ്ടാണ് തന്നെ ചിലര്‍ വെറുക്കുന്നതെന്നും താന്‍ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കിടുക മാത്രമല്ലെ ചെയ്യുന്നതെന്നുമാണ് ഇവരുടെ വിമര്‍ശനങ്ങളോടുള്ള പ്രതികരണം.

Related Articles

Back to top button
"
"