Kerala
കാസർകോട് കമ്പല്ലൂരിൽ ഫാൻസി കടയുടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങിമരിച്ചു

കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരിൽ ഫാൻസി കട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ ഇന്നുച്ചയോടെയാണ് സംഭവം.
ഫാൻസി കട നടത്തുകയായിരുന്ന കെ ജി സിന്ധുമോൾക്ക് നേരെയാണ് രതീഷ് എന്ന യുവാവ് ആസിഡൊഴിച്ചത്. രതീഷ് കടയിൽ കയറി സിന്ധുവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സിന്ധു മോളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചിറ്റാരിക്കാൽ പോലീസ് പ്രതിയെ തെരയുന്നതിനിടെയാണ് യുവാവിനെ തൊട്ടടുത്ത പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.