97ാം ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ നോമിനേഷന്‍ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ സിനിമകള്‍ പുറത്ത്. മലയാളികളത്തിന്റെ പ്രതീക്ഷയായിരുന്ന ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും നോമിനേഷനില്‍ ഇടം നേടിയില്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായുള്ള പട്ടികയില്‍ നിന്നാണ് ഇവ പുറത്തായത്.
അനോറ, ദ ബ്രൂട്ടലിസ്റ്റ്, കോണ്‍ക്ലേവ് എന്നിവ പട്ടികയില്‍. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്, വിക്ക്ഡ് എന്നീ ചിത്രങ്ങള്‍ക്ക് പത്ത് വീതം നോമിനേഷനുകള്‍ ലഭിച്ചു.പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതില്‍ 207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു.
ആ 207 ചിത്രങ്ങളുടെ കൂട്ടത്തില്‍ ആറ് ഇന്ത്യന്‍ സിനിമകളും ഇടംനേടിയിരുന്നു.മലയാളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ആടുജീവിതം. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആടുജീവിതം. ബ്ലസ്സിയുടെയും പൃഥ്വിരാജിന്റെയും ആടുജീവിതം 150 കോടി ക്ലബിലും ഇടംനേടിയിരുന്നു.
അതേസമയം, ആടുജീവിതത്തിനായി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്തായി. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ക്ക് ഇടംപിടിക്കാനായില്ല.
86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവായിരുന്നു. ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച വോട്ടിങ് 13-ന് ആണ് അവസാനിച്ചത്.അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു ബ്ലെസി-പൃഥിരാജ്-എ.ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിന് ലഭിച്ചത്.