അബ്ദുൽ റഹീമിന്റെ മോചനം: ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ട് കോടതി

മോചനം കാത്ത് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കോടതി ഒറിജിനൽ കേസ് ഡയറി ആവശ്യപ്പെട്ടതായി റിയാദിലെ നിയമ സഹായ സമിതി. പഴയ കേസായതിനാൽ ഇത് ഹാജരാക്കുന്നതിലെ കാലതാമസമാണ് നിലവിൽ കേസ് മാറ്റിവെക്കാൻ കാരണം. കേസിൽ റഹീമിന് അനുകൂലമായി മോചനവിധി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേസ് രേഖകൾ അവതരിപ്പിച്ച് ഭാരവാഹികൾ പറഞ്ഞു
അബ്ദുൽ റഹീമിന്റെ കേസ് 11 തവണയായി മാറ്റിവെച്ചതിന് പിന്നാലെയാണ് റിയാദിലെ റഹീം നിയമസഹായ സമിതി ഭാരവാഹികൾ വിഷയം വിശദീകരിച്ചത്. കേസിൽ റഹീമിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ സിദ്ധിഖ് തുവൂരും നിയമസഹായ സമിതി ഭാരവാഹികളും കേസിൽ ഇതുവരെയുണ്ടായ നടപടിക്രമങ്ങൾ വിശദീകരിച്ചു
ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി വിധി വന്നത്. സൗദി ബാലന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നൽകിയതിന് പിന്നാലെയായിരുന്നു വിധി. എങ്കിലും വധശിക്ഷ ഡിവിഷൻ ബെഞ്ച് തന്നെ റദ്ദാക്കേണ്ട നിയമ സാങ്കേതിക നടപടിക്രമങ്ങളാണ് ഇനിയും നീണ്ടുപോകുന്നത്.