വീടുകളിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അബുദാബി പൊലിസ്

വീടുകളിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അബുദാബി പൊലിസ്
അബുദാബി: വീടുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപിക്കുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അബുദാബി പൊലിസ് അഭ്യര്‍ഥിച്ചു. സംവിധാനങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഡാറ്റ, സുരക്ഷിതമായ സംവിധാനത്തില്‍ സ്റ്റോര്‍ ചെയ്ത് വെക്കണമെന്നും മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി. നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അത് അയല്‍വീടുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന രീതിയില്‍ ആവരുത്. കാമറയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ അത് അടുത്തള്ളവരുടെ സ്വകാര്യതയെ ഹനിച്ചേക്കാം. വിഷ്വല്‍ നിരീക്ഷണ സംവിധാനങ്ങള്‍(സിസിടിവി കാമറകള്‍) സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ച ലൈസന്‍സുള്ള കമ്പനികളെ തിരഞ്ഞെടുക്കുകയെന്നത് പ്രധാനമാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, നൈറ്റ് വിഷന്‍, മോഷന്‍ ഡിറ്റക്ഷന്‍ ഫീച്ചറുകള്‍ എന്നിവയുള്ള കാമറകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ ഇവ കൊണ്ടുള്ള പരമാവധി പ്രയോജനം ലഭ്യമാക്കാനാവൂ. പരമാവധി ഏരിയയിലെ ദൃശ്യങ്ങള്‍ കവര്‍ ചെയ്യുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും അനധികൃതമായി ആളുകള്‍ അതിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പാസ്‌വേഡുകള്‍ പതിവായി അപ്‌ഡേറ്റ് ചെയ്യാന്‍ ജനങ്ങള്‍ ജാഗ്രത കാണിക്കണം. റിമോട്ട് ആക്‌സസ്, മോഷന്‍ ഡിറ്റക്ഷന്‍, ഹൈ - ഡെഫനിഷന്‍ വീഡിയോ ഫീഡുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട് ടെക്‌നോളജികള്‍ വന്നതോടെ ഇവയുടെ ദുരുപയോഗം തടയുന്നതിനായാണ് നിയന്ത്രണങ്ങളുമായി അബുദാബി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യതക്ക് ഭംഗംവരുന്നതായി പരാതികളും വര്‍ധിക്കുന്നതും പൊലിസിനെ നടപടി കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.

Share this story