അധിക്ഷേപ പരാമർശം; റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ 40 പേര്‍ക്ക് സമന്‍സ്
![](https://metrojournalonline.com/wp-content/uploads/2025/02/images2_copy_1920x1078-1-780x470.avif)
മുംബൈ: അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബര്‍ റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ നാല്‍പത് പേര്‍ക്കെതിരെ പോലീസ് സമന്‍സ്. മുംബൈ സൈബര്‍ പോലീസാണ് സമന്‍സ് അയച്ചത്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റെ എന്ന റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ പരാമര്‍ശത്തിനെതിരെയാണ് നടപടി.
റണ്‍വീര്‍ അല്ലാഹ്ബാദിയ നടത്തിയ അസഭ്യ പരാമര്‍ശവുമായി ബന്ധപ്പെട്ട ഇന്‍ഫ്‌ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവര്‍ ഉള്‍പ്പെടെയുള്ള നാലുപേരെ പോലീസ് ചോദ്യം ചെയ്തു. പരിപാടിയ്ക്കിടെ സ്വതന്ത്രമായി സംസാരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്നാണ് ആശിഷും അപൂര്‍വയും പോലീസ് മൊഴി നല്‍കിയത്.
അതേസമയം, ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ ഭാഗമായി പുറത്തുവിട്ട പതിനെട്ട് എപ്പിസോഡുകളും നീക്കം ചെയ്യുന്നതിനായി നിര്‍മാതാക്കളോട് സൈബര്‍ സെല്‍ നിര്‍ദേശം നല്‍കി. കൂടാതെ, അല്ലാഹ്ബാദിയ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മുപ്പത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്
മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടായിരുന്നു റണ്‍വീര്‍ അശ്ലീല പരാമര്‍ശം നടത്തിയിരുന്നത്. ഇതിനെതിരെ വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ റണ്‍വീറിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ പരിപാടിക്കിടെ മലയാളി പെണ്‍കുട്ടിയോട് കേരളീയരുടെ സാക്ഷരതയെ കുറിച്ച് മോശമായി സംസാരിച്ച ജസ്പ്രീത് സിങ്ങിന്റെ പരാമര്‍ശവും വിവാദമായിരുന്നു. പെണ്‍കുട്ടി പൊളിറ്റിക്‌സ് കാണാറില്ലെന്നും വോട്ട് ചെയ്യാറില്ലെന്നും പറഞ്ഞതോടെയാണ് ജസ്പ്രീത് അധിക്ഷേപ പരാമര്‍ശം നടത്തിയത്. കേരള സാര്‍ ഹണ്‍ഡ്രഡ് പെര്‍സെന്റ് ലിറ്ററസി സാര്‍ എന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു.
അതേസമയം, റണ്‍വീര്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തിയിരുന്നു. റണ്‍വീര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും സംഭവത്തെ നിസാരമായി കാണാന്‍ കഴിയില്ലെന്നും മുകേഷ് ഖന്ന പറഞ്ഞു.
അവനെ പിടിച്ച് അടിക്കണം. എന്നിട്ട് മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് ഇരുത്തി രാജ്യം ചുറ്റിക്കുകയാണ് വേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്നത്തെ തലമുറയിലെ യുവാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.