Kerala

പ്രമോഷൻ വീഡിയോ ഷൂട്ടിനിടെ അപകടം: ബെൻസ് ഓടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യും

പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് ബീച്ച് റോഡിൽ 20കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച സാബിദ് റഹ്മാനാണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിംഗ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സാബിദിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർ സി റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു

ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചത്. അപകടത്തെ തുടർന്ന് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ്, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ട് കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്ത് നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. കാറുകൾ ആൽവിന്റെ തൊട്ടുമുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് അപകടം.

Related Articles

Back to top button
error: Content is protected !!