എഡിജിപിയുടെ സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്ര: എസ് പിയും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ചട്ടം ലംഘിച്ച് ട്രാക്ടറിൽ ശബരിമല ദർശനം നടത്തിയ എഡിജിപി എം ആർ അജിത് കുമാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി .എഡിജിപിയുടെ യാത്ര മനപ്പൂർവമാണെന്നും കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആർ അജിത് കുമാറിന്റെ പ്രവൃത്തിയെന്നും ഹൈക്കോടതി വിമർശിച്ചു.
ഇത് ദൗർഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടെങ്കിൽ ആംബുലൻസിൽ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഏറെക്കാളം ജോലി നോക്കിയിട്ടുള്ള അദ്ദേഹത്തിന് ഈ നിയമങ്ങളെല്ലാം വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പൻ റോഡിൽ ചരക്കു കൊണ്ടു പോകാൻ മാത്രമേ ട്രാക്ടർ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്
.ട്രാക്ടറിൽ ഡ്രൈവർ ഒഴിച്ച് ഒരാളും കയറാൻ പാടില്ലെന്നും കർശന നിർദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറിൽ പോയത് മനപ്പൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോർട്ട് തേടി. ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്