ആയിരത്തിലധികം മനുഷ്യരെ കൊന്ന ആഫ്രിക്കന്‍ തേനീച്ച

ആയിരത്തിലധികം മനുഷ്യരെ കൊന്ന ആഫ്രിക്കന്‍ തേനീച്ച
ആയിരത്തിലധികം മനുഷ്യരെ കൊന്ന കുപ്രസിദ്ധ കുഞ്ഞന്‍ എന്നു നമുക്ക് വേണമെങ്കില്‍ അഫ്രിക്കന്‍ തേനീച്ചയെ വിശേഷിപ്പിക്കാം. പടിഞ്ഞാറന്‍ തേനീച്ചയുടെ (അപിസ് മെലിഫെറ) ഒരു സങ്കരയിനമാണിത്. കിഴക്കന്‍ ആഫ്രിക്കയിലെ താഴ്ന്ന പ്രദേശത്താണ് ഈ തേനീച്ചയെ കൂടുതലായും കാണാന്‍ കഴിയുന്നത്. നാം കാണുന്ന മറ്റ് തേനീച്ചകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ തേനീച്ചകള്‍ സാധാരണയായി കൂടുതല്‍ പ്രതിരോധശേഷിയുള്ളവയാണ്. ചെറിയ പ്രകോപനം മതി ഇവ ധ്രുതഗതിയില്‍ ആക്രമണോത്സുകരാവാന്‍. മനുഷ്യരോ, മൃഗങ്ങളോ തങ്ങള്‍ക്ക് അപകടകരമായി വരുന്നെന്നു തോന്നിയാല്‍ ഇവ കൂട്ടത്തോടെ പണി തുടങ്ങും. നൂറു കണക്കിനും ആയിരക്കണക്കിനും തേനീച്ചകളാവും തങ്ങളുടെ കൊമ്പുകളിലെ വിഷം ശത്രുവിന്റെ ദേഹത്തേക്ക് കുത്തിവെക്കുക. കണ്ണിലും മൂക്കിലും ചെവിയിലും വായിലുമെല്ലാം നിമിഷങ്ങള്‍ക്കകം അവ കയറും. പിന്നെ അധികം താമസമുണ്ടാവില്ല മനുഷ്യനായാലും മൃഗമായാലും ചത്തൊടുങ്ങാന്‍. നദീതീരങ്ങളോട് ചേര്‍ന്ന മരങ്ങളില്‍ കൂടുകൂട്ടാന്‍ ഇഷ്ടപ്പെടുന്ന ഇവ തങ്ങളുടെ ശത്രുക്കളെ നാനൂറു മീറ്ററോളം വിടാതെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചുറ്റും ഒരു വലിയ അലാറം സോണ്‍ ഉപയോഗിച്ച്, ആക്രമണാത്മകമായി കൂട് സംരക്ഷിക്കുന്നതാണ് ഇവയുടെ ശൈലി. മറ്റുള്ള തേനീച്ചകളെ അപേക്ഷിച്ച് കൂടിനുള്ളില്‍ ''ഗാര്‍ഡ്'' തേനീച്ചകളുടെ എണ്ണം കൂടുതലായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ആഫ്രിക്കന്‍ വനാന്തരങ്ങളിലും മറ്റുമുള്ള അനേകം കുതിരകളെയും ഇതര മൃഗങ്ങളെയുമെല്ലാം ഇവന്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കൂട്ടം കൂടാനും കൂടുതല്‍ ദൂരം പോകാനും പ്രവണത കാണിക്കുന്ന ഈ തേനീച്ചകള്‍ പെട്ടെന്ന് ഒരു ദിവസം കൂടുവിട്ട് കൂട്ടമായി ഇവ സ്ഥലംമാറുന്നതും അത്ഭുതകരമായ കാര്യമാണ്. ഏകദേശം ആയിരത്തില്‍ അധികം മനുഷ്യരുടെ മരണത്തിന് ഇവ കാരണമായിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ആഫ്രിക്കന്‍ തേനീച്ചകളുടെ കുത്തേറ്റ് ഓരോ വര്‍ഷവും രണ്ട് മുതല്‍ മൂന്നു മനുഷ്യര്‍വരെ കൊല്ലപ്പെടുന്നതായാണ് വിവരം. ആഫ്രിക്കന്‍ തേനീച്ചയുടെ കുത്ത് മറ്റേതൊരു ഇനം തേനീച്ചകളേക്കാളും ശക്തമല്ലെങ്കിലും അവ കൂടുതല്‍ അപകടകരമാണെന്നതാണ് വസ്തുത.

Share this story