14 മണിക്കൂർ നീണ്ട ചർച്ച; വഖഫ് ബിൽ ലോക്‌സഭയിൽ പാസായി; 232 പേർ എതിർത്ത് വോട്ട് ചെയ്തു

14 മണിക്കൂർ നീണ്ട ചർച്ച; വഖഫ് ബിൽ ലോക്‌സഭയിൽ പാസായി; 232 പേർ എതിർത്ത് വോട്ട് ചെയ്തു
വഖഫ് ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്തു. ബിൽ അവതരിപ്പിച്ച് 14 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് വോട്ടിനിട്ട് പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെസി വേണുഗോപാൽ, ഇടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. പുലർച്ചെ രണ്ട് മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് ബിൽ അവതരിപ്പിച്ചത് ഇന്ന് രാജ്യസഭയിലും ബിൽ അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടന വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു വഖഫ് സ്വത്തിൽ അവകാശമുന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന്. സ്ത്രീകളെയും അമുസ്ലീങ്ങളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കെ വഖഫ് നൽകാവൂ എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

Tags

Share this story