വിമാനത്തിൽ കുട്ടികളെ ഹാൻഡിൽ ചെയ്യാൻ ടിക്കറ്റിനു പുറമേ അധിക ഫീസുമായി എയർ ഇന്ത്യ

രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കുട്ടികൾക്ക് (5–12 പ്രായക്കാർ) ടിക്കറ്റ് നിരക്കിനൊപ്പം എയർ ഇന്ത്യ ഇനി അധിക ചാർജ് (ഹാൻഡ്ലിങ് ചാർജ്) ഈടാക്കും. കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താനാണിതെന്ന് എയർ ഇന്ത്യ വിശദീകരിച്ചു.ആഭ്യന്തര ഫ്ലൈറ്റുകളിൽ ടിക്കറ്റ് നിരക്കിനു പുറമേ 5,000 രൂപ കൂടി നൽകണം. ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ, സാർക് രാജ്യങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകളിൽ 8,500 രൂപയാണ് അധിക നിരക്ക്. ബ്രിട്ടൻ, യൂറോപ്പ്, ഇസ്രയേൽ, ഓസ്ട്രേലിയ എന്നിവിടങ്ങൾക്ക് 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 13,000 രൂപയുമാണ് നിരക്ക്.
‘Unaccompanied Minor Form’ രക്ഷിതാക്കൾ പൂരിപ്പിച്ച് 4 പകർപ്പുകൾ യാത്രാദിവസം കൈവശം വയ്ക്കണം. യാത്രയ്ക്ക് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തി നടപടി പൂർത്തിയാക്കണം. മുതിർന്നവരുടെ അതേ നിരക്കായിരിക്കും 5–12 വയസ്സുകാർക്കും. ഇതിനു പുറമേയാണ് ഹാൻഡ്ലിങ് ചാർജ്. വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ ജീവനക്കാർ കുട്ടികളെ സഹായിക്കും. വിവരങ്ങൾക്ക്: bit.ly/unacai