ആകാശയുദ്ധം; പാകിസ്താന്റെ ജെ എഫ്17, എഫ് 16 യുദ്ധവിമാനങ്ങളെ തരിപ്പണമാക്കി ഇന്ത്യയുടെ സുദർശന ചക്രം

ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് തകർത്ത് ഇന്ത്യ. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്. ഉദ്ദംപൂരിൽ നടന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.
പൂഞ്ചിലേക്ക് പാകിസ്താൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താൻ തൊടുത്തുവിട്ടത്.
ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നിഷ്പ്രഭമാക്കിയത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാകിസ്താൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു.