പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യും: ഭീഷണിയുമായി അൽ ഖ്വയ്ദ
May 8, 2025, 12:19 IST
                                             
                                                
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അൽ ഖ്വയ്ദ. പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരം ചോദിക്കുമെന്നാണ് അൽ ഖ്വയ്ദ പ്രസ്താവനയിലൂടെ അറിയിച്ചത്. പള്ളികൾക്കും മുസ്ലീങ്ങൾക്കുമെതിരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും അൽ ഖ്വയ്ദ ആരോപിച്ചു ഇന്നലെ പുലർച്ചെയാണ് പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. സ്മാർട്ട് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്‌കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.  
                                            
                                            