അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍; ബിജെപിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡെൽഹി: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കള്‍ എന്നാണ് വിമര്‍ശനം. വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പരത്തുകയാണെന്നും അംബേദ്കറെ അപമാനിക്കുകയാണെന്നുമുള്ള മോദിയുടെ പരമാര്‍ശത്തിനുള്ള മറുപടിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്‍കിയത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ബുദ്ധിസം സ്വീകരിച്ചപ്പോള്‍ ഹിന്ദുസംഘടനകളില്‍ നിന്ന് അംബേദ്കര്‍ക്ക് നേരിടേണ്ടി വന്ന എതിര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം. ഇവര്‍ അന്നും ഇന്നും അംബേദ്കറുടെ ശത്രുക്കളാണ്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഇവര്‍ പിന്തുണച്ചിരുന്നില്ല. ബുദ്ധിസം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ ഇവര്‍ എന്തൊക്കെ പറഞ്ഞുവെന്നറിയാമോ? അദ്ദേഹം മഹര്‍ സമുദായത്തില്‍ നിന്നുള്ളയാളാണെന്നും തൊട്ടുകൂടാത്തവനാണെന്നും പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ആണ് അംബേദ്കറിന്റെ രാഷ്ട്രീയ പാര്‍ട്ടി. ഹിന്ദുമഹാസഭ അദ്ദേഹത്തിന് എതിരായിരുന്നു – ഖര്‍ഗെ പറഞ്ഞു.
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ടും ഖര്‍ഗെ പ്രതികരിച്ചു. രണ്ട് വര്‍ഷം മുന്‍പ് വനിതാ സംവരണ ബില്‍ പാസായപ്പോള്‍ പെട്ടന്നുതന്നെ അത് നടപ്പാക്കപ്പെടണമെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് അതില്‍ പ്രത്യേക സംവരണം നല്‍കണമെന്നായിരുന്നും ആവശ്യപ്പെട്ടു. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. ദീര്‍ഘകാലമായി ഇതിനു വേണ്ടി ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് – ഖാർഖെ വ്യക്തമാക്കി.