അമേരിക്ക ബുദ്ധിമോശം ആവർത്തിക്കുന്നു; അവസാനം വരെ പോരാടുമന്ന് ചൈന

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന. ചൈനീസ് ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ചൈന രംഗത്തുവന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് മേൽ ചൈന പകരച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ചൈനക്കെതിരെ 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.
ഈ സംഭവത്തിലൂടെ അമേരിക്കയുടെ ബ്ലാക്ക് മെയിൽ സ്വഭാവം തുറന്നുകാണിക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ബുദ്ധിമോശം ആവർത്തിക്കുകയാണ്. തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനം വരെ പോരാടും. യുഎസിന്റെ പകര ചുങ്കം തങ്ങളെ ബാധിക്കില്ലെന്ന് ചൈനീസ് വാണിജ്യ സഹമന്ത്രി ലിങ് ജി പറഞ്ഞു. വിദേശ നിക്ഷേപങ്ങൾക്കുള്ള വാഗ്ദത്ത ഭൂമിയായി ചൈന തുടരുമെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ യുഎസിനെതിരെ പ്രതികാര നടപടിയുമായി നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവരുന്ന ഏതൊരു രാജ്യത്തിനും അധിക നികുതി നൽകേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യുഎസിന് മേൽ ചൈന ചുമത്തിയ 34 ശതമാനം നികുതി ഏപ്രിൽ എട്ടിനകം പിൻവലിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.