{"vars":{"id": "89527:4990"}}

ക്രെഡിറ്റ് സ്കോർ 'പൂജ്യം', ക്രെഡിറ്റ് ചരിത്രവും ഇല്ല, വായ്പയും ലഭിക്കില്ല: എങ്ങനെ ഇവ രൂപപ്പെടുത്താം

 
ഒരു ലോൺ ലഭിക്കുന്നതിന് മികച്ച ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് ചരിത്രവും അനിവാര്യമാണ്. ഒരു വ്യക്തി സാമ്പത്തികമായി എത്രത്തോളം ഉത്തരവാദിത്തം പ്രകടമാക്കുന്നു എന്നതിന്റെ സൂചകങ്ങളാണിവ. അതായത് ഒരു വായ്പയ്ക്ക് അപേക്ഷ നൽകുന്നുവെങ്കിൽ ക്രെഡിറ്റ് ചരിത്രം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ ക്രെഡിറ്റ് ചരിത്രവും, ക്രെഡിറ്റ് സ്കോറും ഇല്ലാത്തവരുടെ കാര്യമോ? ഇത്തരക്കാർ ഇവ രൂപപ്പെടുത്തി കൊണ്ടി വരേണ്ടതാണ്. അതെങ്ങനെ സാധ്യമാകും എന്ന വിശദീകരണമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു വ്യക്തിഗത വായ്പ, ഭവന വായ്പ എന്നിവയ്ക്ക് അപേക്ഷ നൽകുമ്പോൾ അപേക്ഷകന്റെ ക്രെഡിറ്റ് ചരിത്രവും, സ്കോറും ധനകാര്യ സ്ഥാപനങ്ങൾ വിലയിരുത്തുന്നു. അതേ സമയം ഒരു തരം വായ്പയും എടുക്കാത്ത, ക്രെഡിറ്റ് കാർഡ് ഇല്ലാത്ത ആളുകൾക്ക് ഇവ ഉണ്ടായിരിക്കുകയില്ല. ഇത്തരക്കാർ ആദ്യമായി വായ്പാ അപേക്ഷ നൽകുമ്പോൾ അത് നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കാരണം അപേക്ഷകന്റെ സാമ്പത്തികമായ ഉത്തരവാദിത്തം, ബാധ്യതകൾ തുടങ്ങിയവ എത്രത്തോളമെന്ന് വ്യക്തമല്ലാത്തതിനാൽ റിസ്ക് എടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാവുകയില്ല. ക്രെഡിറ്റ് ചരിത്രം എങ്ങനെ രൂപപ്പെടുത്താം? ക്രെഡിറ്റ് ചരിത്രം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് നൽകാൻ പോലും സ്ഥാപനങ്ങൾ വിമുഖ കാണിക്കും. ഇവിടെ ഒരു സെക്വേർഡ് ക്രെഡിറ്റ് കാർഡിന് വേണ്ടി നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്. അതായത് സ്ഥിര നിക്ഷേപം നടത്തി അത് ഈടായി കാണിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. 10,000 രൂപ പോലും ഇത്തരത്തിൽ നിക്ഷേപിച്ച് കാർഡ് നേടാം. പിന്നീട് ആ ക്രെഡിറ്റ് കാർഡ് ഉത്തരാവദിത്തത്തോടെ ഉപയോഗിച്ച് ക്രെഡിറ്റ് സ്കോർ രൂപപ്പെടുത്തിയെടുക്കാം. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, വൈഫൈ പേയ്മെന്റ്, മൊബൈൽ റീചാർജ്ജ് തുടങ്ങിയവയെല്ലാം കൃത്യസമയത്ത് നടത്താൻ ഈ കാർഡ് ഉപയോഗിക്കാൻ സാധിക്കും ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫർണിച്ചർ തുടങ്ങുന്നവ വാങ്ങുന്നതിനായി കൺസ്യൂമർ ഡ്യൂറബിൾ വായ്പയ്ക്ക് അപേക്ഷിക്കുക എന്നതാണ് അടുത്ത മാർഗം. ചെറിയ തിരിച്ചടവ് കാലാവധിയിൽ ചെറിയ ഇ.എം.ഐ ഇത്തരത്തിൽ അടയ്ക്കുന്നതിലൂടെയും ക്രെഡിറ്റ് സ്കോർ നിർമിച്ചെടുക്കാം. ആപ്പുകളിൽ ലഭ്യമായ 'Buy Now, Pay Later' ഓപ്ഷനുകളും പ്രയോജനപ്പെടുത്താൻ സാധിക്കും. ഈ രീതികളിൽ കൃത്യമായി പ്ലാനിങ് നടത്തി ഒരു ക്രെഡിറ്റ് ചരിത്രവും, ക്രെഡിറ്റ് സ്കോറും നിങ്ങൾക്ക് രൂപപ്പെടുത്താവുന്നതേയുള്ളൂ.