ടെസ്‌ലയുടെ മൂല്യം 8.6 ട്രില്യൺ ഡോളറിൽ എത്തിച്ചാൽ ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്യണയറാകും
ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്യണയറായി മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി അദ്ദേഹം ടെസ്‌ലയുടെ വിപണി മൂല്യം നിലവിലെ $1.1 ട്രില്യണിൽ നിന്ന് അടുത്ത പത്ത് വർഷത്തിനുള്ളിൽ $8.6 ട്രില്യൺ ഡോളറായി ഉയർത്തണം. ടെസ്‌ല പുറത്തുവിട്ട പുതിയ പേ പാക്കേജിലാണ് ഈ വിവരം.
ഈ ലക്ഷ്യം നേടാനായാൽ, മസ്‌കിന് കമ്പനിയിലെ ഓഹരികൾക്ക് പുറമെ അധിക ഓഹരികളും ലഭിക്കും. ഇത് അദ്ദേഹത്തിന്റെ ആസ്തി ട്രില്യൺ ഡോളറിനപ്പുറം എത്തിക്കാൻ സഹായിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാണ് ഈ പാക്കേജ് നടപ്പാക്കുക. ഓട്ടോണമസ് ടാക്സി, ഹ്യൂമനോയിഡ് റോബോട്ടുകൾ തുടങ്ങിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തന ലക്ഷ്യങ്ങൾ ഈ നേട്ടത്തിനായി മസ്ക് പൂർത്തിയാക്കണം. കൂടാതെ, അടുത്ത പത്തുവർഷത്തേക്ക് അദ്ദേഹം ടെസ്‌ലയിൽ തുടരണമെന്നും വ്യവസ്ഥയുണ്ട്.
വിപണി മൂല്യത്തിൽ ടെസ്‌ല സമീപകാലത്ത് ചില വെല്ലുവിളികൾ നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, മസ്കിനെ കമ്പനിയിൽ നിലനിർത്താനും ഭാവി ലക്ഷ്യങ്ങൾ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഇലോൺ മസ്കിന്റെ ദീർഘവീക്ഷണവും നേതൃത്വവും അതിന് അനിവാര്യമാണെന്ന് ടെസ്‌ല ബോർഡ് പ്രസ്താവിച്ചു.