സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി; പവൻ്റെ വില 1.12 ലക്ഷത്തിന് മുകളിൽ: വിപണിയിൽ കടുത്ത ചാഞ്ചാട്ടം
ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ കേരളത്തിലെ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,080 രൂപയായി ഉയർന്നു. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 14,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഇന്നലെ രാവിലെ 600 രൂപ വർദ്ധിച്ച ശേഷം വൈകുന്നേരം 480 രൂപ കുറഞ്ഞ വിപണിയിലാണ് ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ്
ആഗോളതലത്തിലെ സമാധാന നീക്കങ്ങൾ ഇന്ത്യൻ ഓഹരി വിപണിക്ക് വലിയ കരുത്ത് പകർന്നു. തുടർച്ചയായ നാലാം ദിവസവും സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെൻസെക്സ് 500 പോയിന്റിലധികം ഉയർന്ന് 74,616 നിലവാരത്തിലും നിഫ്റ്റി 155 പോയിന്റ് നേട്ടത്തിൽ 23,123-ലുമാണ്. ഐടി, ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റം വിപണിക്ക് അനുകൂലമായി. രൂപയുടെ മൂല്യം ഡോളറിനെതിരെ 92.98 എന്ന നിലയിലേക്ക് മെച്ചപ്പെട്ടതും ആഭ്യന്തര വിപണിക്ക് ആശ്വാസമായിട്ടുണ്ട്.