{"vars":{"id": "89527:4990"}}

നേരിയ ആശ്വാസം; സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 1320 രൂപ കുറഞ്ഞു

 

ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിലും കേരളത്തിലെ സ്വർണ്ണവിപണിയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് പവന് 1320 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന് 1440 രൂപ വർദ്ധിച്ചതിന് ശേഷം ഇന്ന് വില കുറഞ്ഞത് സാധാരണക്കാർക്ക് നേരിയ ആശ്വാസം നൽകുന്നു.

ഇന്നത്തെ കുറവോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,09,360 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില 1.26 ലക്ഷം കടന്ന് ചരിത്ര റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് ഒരു ലക്ഷത്തിന് താഴേക്ക് എത്തിയെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഈ ഘട്ടത്തിൽ സ്വർണ്ണവിലയിലെ അസ്ഥിരത വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ നിരക്ക് അനുസരിച്ച് പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.15 ലക്ഷം രൂപയ്ക്കും 1.20 ലക്ഷം രൂപയ്ക്കും ഇടയിൽ നൽകേണ്ടി വരും. ഡിസൈനിലെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ സാധാരണക്കാരുടെ വിവാഹ ബജറ്റുകൾ താളംതെറ്റുന്ന അവസ്ഥയാണുള്ളത്.