ആയിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും; പിരിച്ചുവിടൽ നടപടിയുമായി യാഹൂ രംഗത്ത്

 

പ്രമുഖ ഐടി കമ്പനിയായ യാഹൂ ജീവനക്കാരെ ഉടൻ പിരിച്ചുവിട്ടേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആഡ് ടെക് വിഭാഗത്തിന്റെ പുനക്രമീകരണത്തിന്റെ ഭാഗമായി ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടുക. അതിനാൽ, ആഡ് ടെക് വിഭാഗത്തിലെ ജീവനക്കാർക്ക് യാഹൂ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 20 ശതമാനത്തോളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുക. പുനക്രമീകരണത്തിന് പുറമേ, പരസ്യ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

നിലവിൽ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ് യാഹൂ പ്രവർത്തിക്കുന്നത്. 2021- ൽ 5 ബില്യൺ ഡോളറുകളുടെ ഷെയർ സ്വന്തമാക്കിയതിനുശേഷമാണ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് യാഹൂവിനെ ഏറ്റെടുത്തത്. 2023- ന്റെ അവസാനത്തോടെ പിരിച്ചുവിടൽ നടപടികൾ പൂർത്തിയാക്കാനാണ് യാഹൂവിന്റെ ലക്ഷ്യം. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിനെ തുടർന്ന് നിരവധി കമ്പനികൾ ഇതിനോടകം തന്നെ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.