ടിക്ടോക്ക് ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നു; ഓഫീസുകൾ അടച്ചുപൂട്ടാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

 

ഇന്ത്യയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനൊരുങ്ങി ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 28 വരെയാണ് ടിക്ടോക്കിന്റെ ഓഫീസ് ഇന്ത്യയിൽ പ്രവർത്തിക്കുക. ഫെബ്രുവരി 28- ന് ശേഷം ഇന്ത്യയിൽ നിന്നും എന്നെന്നേക്കുമായി വിടപറയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ടിക്ടോക്കിന്റെ മുഴുവൻ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച ചൈനീസ് ആപ്പുകളിൽ ഒന്നായിരുന്നു ടിക്ടോക്ക്.

2020 ജൂണിലാണ് കേന്ദ്രസർക്കാർ ടിക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷാ പ്രശ്നങ്ങളെ മുൻനിർത്തിയായിരുന്നു ആപ്പുകളുടെ നിരോധനം. നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് തങ്ങളുടെ ജീവനക്കാർക്ക് 9 മാസത്തെ പിരിച്ചുവിടൽ പാക്കേജ് അനുവദിക്കുമെന്ന് ടിക്ടോക്ക് അറിയിച്ചിരുന്നു. വി ചാറ്റ്, ഷെയർ ഇറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസർ തുടങ്ങിയ 300- ലധികം ആപ്പുകളും പിന്നീട് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.