പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റർ

 

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കാനാണ് ട്വിറ്ററിന്റെ നീക്കം. ഇതിന്റെ ഭാഗമായുളള റെഗുലേറ്ററി ലൈസൻസുകൾക്ക് ട്വിറ്റർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പേയ്മെന്റ് ഫീച്ചറിന്റെ വികസനം ട്വിറ്ററിലെ പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടറായ എസ്തർ ക്രോബോർഡാണ് നയിക്കുക. അതേസമയം, പേയ്മെന്റ് ഫീച്ചർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങൾ ട്വിറ്റർ നടത്തിയിട്ടില്ല.

സോഷ്യൽ നെറ്റ്‌വർക്കിംഗ്, പിയർ-ടു-പിയർ പേയ്മെന്റുകൾ, ഇ- കൊമേഴ്സ് ഷോപ്പിംഗ് എന്നിവ ഒറ്റ കുടക്കീഴിൽ ഉൾക്കൊള്ളിക്കുന്ന ‘ദി എവരിതിംഗ് ആപ്പ്’ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പേയ്മെന്റ് ഫീച്ചർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കം.

ട്വിറ്ററിന്റെ സാമ്പത്തിക നില ഉയർത്തുന്നതിനായി നിരവധി മാറ്റങ്ങൾ ഇതിനോടകം തന്നെ ഇലോൺ മസ്ക് നടപ്പാക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്. സബ്സ്ക്രിപ്ഷൻ മുഖാന്തരമാണ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക് നൽകുന്നത്.