{"vars":{"id": "89527:4990"}}

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം: 12 ഇന്ത്യക്കാർ മരിച്ചു; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

 

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ മേഖലയായ റാസ് ലഫാനിലെ ഗ്യാസ് പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് രാജ്യത്തെ പ്രധാന ആഭ്യന്തര ഗ്യാസ് വിതരണ കേന്ദ്രമായ 'ബർസാൻ' പ്ലാന്റിൽ അപകടമുണ്ടായത്. അപകടത്തിൽ ഒരു പാകിസ്താൻ പൗരനും മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 13 ആയി.

​അപകടത്തിൽ വിവിധ രാജ്യക്കാരായ 66 പേർക്ക് പരിക്കേറ്റതായും ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്നും ഖത്തർ അധികൃതർ അറിയിച്ചു. പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇത് അട്ടിമറിയോ ശത്രുതാപരമായ ആക്രമണമോ അല്ലെന്നും പൂർണ്ണമായും ഒരു വ്യവസായ അപകടം (Industrial Accident) ആണെന്നും ഖത്തർ ഊർജ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

​മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യൻ എംബസി, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഖത്തർ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അറിയിച്ചു.

​ബാധിതർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി ഹെൽപ്‌ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും പുറത്തുവിട്ടിട്ടുണ്ട്:

  • ഫോൺ നമ്പറുകൾ: +974 55647502, +974 55384683
  • ഇമെയിൽ: cons.doha@mea.gov.in