ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാതിരുന്ന ഇന്ത്യക്കാരന് ദുബായിൽ തടവ് ശിക്ഷ

 

ദുബായ്: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് ഒരു ഇന്ത്യക്കാരന് ഒരു മാസം തടവും പിഴയും വിധിച്ചു. അക്കൗണ്ടിലെത്തിയ 5.70 ലക്ഷം ദിർഹം(1.25 കോടി രൂപ) തിരികെ നൽകാത്തതിനാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും. പ്രതിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു മെഡിക്കൽ ഉപകരണ വിതരണ കമ്പനിയിൽ നിന്നുള്ള പണം ഇയാളുടെ അക്കൗണ്ടിൽ എത്തി. പണം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. പണം ലഭിച്ചയുടൻ 52000 ദിർഹം വാടകയായും മറ്റ് ബില്ല് തുകകളായും ഉപയോഗിച്ചു. തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതർ ഇയാളെ ബന്ധപ്പെട്ടെങ്കിലും വിസമ്മതിച്ചു. പല തവണ ആവശ്യപ്പെട്ടെങ്കിലും തിരിച്ചയച്ചില്ല. ഈ കമ്പനിയിൽ നിന്നുള്ള അതേ പണമാണോ എന്ന് ഉറപ്പില്ലാത്തതിനാൽ പണം തിരികെ നൽകിയില്ലെന്ന് ഇയാൾ അവകാശപ്പെട്ടു.

പണം അയയ്ക്കുന്ന സമയത്ത് ജീവനക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അക്കൗണ്ട് മാറ്റത്തിന് കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പണം കൈപ്പറ്റേണ്ടവർ പരാതിപ്പെട്ടതിനെ തുടർന്ന് അക്കൗണ്ട് വീണ്ടും പരിശോധിക്കുകയും പിശക് കണ്ടെത്തുകയും ചെയ്തു. പണം തിരികെ നൽകാൻ അവർ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇത് സ്ഥാപനത്തിന്‍റെ പിഴവാണെന്നും ബാങ്കിന്‍റെ തെറ്റല്ലാത്തതിനാൽ പണം നൽകാൻ കഴിയില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഇതോടെ സ്ഥാപന അധികൃതർ അറഫ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് നിർദേശപ്രകാരം ബാങ്ക് അധികൃതർ പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം വീണ്ടെടുക്കാനായില്ല. ഇയാൾ കുറ്റം സമ്മതിക്കുകയും ഗഡുക്കളായി പണം തിരിച്ചടയ്ക്കാൻ സാവകാശം തേടുകയും ചെയ്തെങ്കിലും കോടതി വിസമ്മതിച്ചു. വിധിക്കെതിരെ ഇയാൾ അപ്പീൽ നൽകിയിട്ടുണ്ട്. ഇത് അടുത്ത മാസം പരിഗണിക്കും.