കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് 50,000 ദിര്‍ഹം പിഴ; വാഹനം കണ്ടുകെട്ടി
Jan 11, 2025, 13:08 IST
ദുബൈ: അല്‍ മര്‍മൂം മരുഭൂമിയിലൂടെ മഴയത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ദുബൈ പൊലിസ് 50,000 ദിര്‍ഹം പിഴ ചുമത്തുകയും കാര്‍ കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പൊലിസ് പാഞ്ഞെത്തുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു ടൊയോട്ടോ പിക്കപുമായി യുവാവ് മരുഭൂമിയില്‍ അഭ്യാസപ്രകടനം നടത്തിയത്. അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നിരന്തരം ഗതാഗത നിയമം പാലിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥന നടത്തുന്നതിനിടെയാണ് യുവാവിന്റെ സാഹസം. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കും മേഖലയുടെ നാശത്തിനും ഇടയാക്കുന്നതാണെന്നു ദുബൈ പൊലിസിന്റെ ഓപറേഷന്‍സ് വിഭാഗം ഉപ മേധാവി മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.