{"vars":{"id": "89527:4990"}}

ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; മിസൈൽ പതിച്ച് ടാങ്കറിന് തീപിടിച്ചു: ഖമേനിയുടെ വിയോഗത്തിൽ ഇറാൻ വിങ്ങിപ്പൊട്ടുന്നതിനിടെ വീണ്ടും സംഘർഷം

 

ദുബായ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ രാജ്യം ഔദ്യോഗിക ദുഃഖാചരണത്തിലും വിലാപയാത്രകളിലും മുഴുകിയിരിക്കെ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ വീണ്ടും സംഘർഷം. ഒമാൻ തീരത്തിന് സമീപം ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിൽ നിന്നുള്ള പ്രകൃതിവാതക (LNG) ടാങ്കർ കപ്പലിന് നേരെ അജ്ഞാത വസ്തു പതിച്ച് വൻ തീപിടിത്തമുണ്ടായതായി ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ചു.

​യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) നൽകുന്ന വിവരമനുസരിച്ച്, ഒമാനിലെ ലിമയ്ക്ക് സമീപം വെച്ചാണ് കപ്പലിന്റെ ഇടതുഭാഗത്ത് (Port side) മിസൈലോ ഡ്രോണോ ആകാൻ സാധ്യതയുള്ള പ്രൊജക്റ്റൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെയോ ആൾനാശത്തിന്റെയോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കടലിൽ പരിസ്ഥിതി മലിനീകരണ ഭീഷണിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇറാന് നേരെ സംശയം:

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികൾ സംശയിക്കുന്നത്. തങ്ങൾ അനുമതി നൽകിയ പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുനൽകാനാവില്ലെന്ന് ഇറാൻ സൈന്യം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് ഖത്തറിന്റെ 'അൽ റെക്കയ്യാത്ത്' എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഖത്തറിന്റെ പ്രതികരണം:

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള ഊർജ്ജ സുരക്ഷയ്ക്കും നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും ഖത്തർ കുറ്റപ്പെടുത്തി.

വിലാപയാത്രയ്ക്കിടയിലെ സംഘർഷം:

യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ ശിയാ തീർത്ഥാടന നഗരമായ ഖോമിലേക്ക് മാറ്റുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഖമേനിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരെ തിരിച്ചടി നൽകാൻ അമേരിക്ക ആലോചിക്കുന്നതായാണ് സൂചനകൾ. ഇത് മേഖലയെ വീണ്ടും യുദ്ധപ്രതീതിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.