സൗദിയിലെ മലയാളികളുമായി ആദ്യ വിമാനം കരിപ്പൂരിലെത്തി; ബഹ്‌റൈനിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു, കൊവിഡ് പരിശോധനയില്ലാതെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്

സൗദി അറേബ്യയിൽ നിന്ന് 152 പ്രവാസികളുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി. 84 ഗർഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ്
 

സൗദി അറേബ്യയിൽ നിന്ന് 152 പ്രവാസികളുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി. 84 ഗർഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ നിന്നാണ് പ്രവാസികളുമായി എയർ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയർന്നത്. ബോഡി, ലഗേജ്, ചെക്ക് ഇൻ, എമിഗ്രേഷൻ നടപടികൾക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിൻറെ നിർദേശങ്ങൾക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയാണ് പ്രവാസികളെ വിമാനത്തിൽ കയറ്റിയത്. തെർമൽ ക്യാമറ സ്‌കാനിങ് ടെസ്റ്റും സാധാരണ രീതിയിലെ ശരീരോഷ്മാവ് പരിശോധനയുമാണ് നടത്തിയത്.

അതേ സമയം, ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി ഇന്ന് രാത്രി 11.30ന് എത്തേണ്ട വിമാനം പുറപ്പെട്ടു. 177 യാത്രക്കാരിൽ അഞ്ച് കുട്ടികളുമുണ്ട്. കൊവിഡ് പരിശോധനയില്ലാതെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്. യാത്രക്കാരിൽ 40 ശതമാനവും സ്ത്രീകളാണ്. പിന്നിലെ മൂന്ന് നിര ഒഴിച്ചിട്ടാണ് വിമാനം പറക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ് റിയാദിൽ നിന്ന് കരിപ്പൂരിൽ എത്തിയത്. എല്ലാ യാത്രക്കാരും മാസ്‌കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യ മുൻകരുതൽ നടപടികളെടുത്തും അതിന് അനുയോജ്യമായ വേഷമണിഞ്ഞുമായിരുന്നു വിമാനത്തിലെ ജീവനക്കാർ യാത്രക്കാരെ വരവേറ്റത്. വളരെ പ്രായം ചെന്ന വീൽചെയർ യാത്രക്കാരുമുണ്ട്. കൊല്ലം മടത്തറ സ്വദേശി ഷാജു രാജൻ അർബുദ ചികിത്സക്ക് വേണ്ടിയാണ് നാട്ടിലേക്ക് എത്തിയത്.

റിയാദിൽ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആർസിസിയിൽ ചികിത്സയ്ക്കായാണ് നാട്ടിലേക്ക് വന്നത്. എന്നാൽ കോഴിക്കോട് ഇറങ്ങിയ ശേഷം അവിടെ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള താൽക്കാലികമായ സാങ്കേതിക ബുദ്ധിമുട്ട് പരിഗണിച്ച് ഇ ടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.