{"vars":{"id": "89527:4990"}}

ബഹ്‌റൈന്‍ രാജാവിന് ഒമാനില്‍ ഊഷ്മള സ്വീകരണം

 
മസ്‌കത്ത്: സൗഹൃദ സന്ദര്‍ശനത്തിനായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ എത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി ഒമാന്‍. റോയല്‍ വിമാനത്താവളത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നേരിട്ടെത്തിയാണ് ബഹ്‌റൈന്‍ രാജാവിനെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തെയും രാജ്യത്തേക്ക് സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബഹ്‌റൈന്‍ ഭരണാധികാരി ഒമാനിലേക്കു എത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ പുലരുന്ന ശക്തമായ സാഹോദര്യ ബന്ധം കൂടുതല്‍ ദൃഢവും ഊഷ്മളവുമാക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. അല്‍ ആലം കൊട്ടാരത്തിലായിരുന്നു ബഹ്‌റൈന്‍ രാജാവ് ഹമദിന് ബിന്‍ ഈസക്ക് ഒമാന്‍ ഔദ്യോഗിക സ്വീകരണം ഒരുക്കിയത്. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങളും രാജ്യാന്തര പ്രശ്‌നങ്ങളും സിറിയയിലെയും ഗാസയിലെയും സംഭവവികാസങ്ങളുമെല്ലാം ഇരു നേതാക്കളും വിശദമായി ചര്‍ച്ചചെയ്യുമെന്നാണ് കരതുന്നത്.