ഷാര്‍ജയിലെ തീപ്പിടിത്തം: തീ ആളിപ്പടര്‍ന്നത് കെട്ടിടത്തില്‍ നിരോധിത അലുമിനിയം ആവരണം ഉപയോഗിച്ചതിനാല്‍

ഷാര്ജ: ചൊവ്വാഴ്ച രാത്രി കത്തിയമര്ന്ന അന്നഹ്ദയിലെ അബ്ബ്കോ ടവര് നിരോധിത അലുമിനിയം ആവരണം കൊണ്ട് പൊതിഞ്ഞിരുന്നതായും ഇതാണ് തീ ആളിപ്പടരാന് ഇടയാക്കിയതെന്നും അധികൃതര് കണ്ടെത്തി. 49 നിലകളുള്ള
 

ഷാര്‍ജ: ചൊവ്വാഴ്ച രാത്രി കത്തിയമര്‍ന്ന അന്നഹ്ദയിലെ അബ്ബ്‌കോ ടവര്‍ നിരോധിത അലുമിനിയം ആവരണം കൊണ്ട് പൊതിഞ്ഞിരുന്നതായും ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നും അധികൃതര്‍ കണ്ടെത്തി. 49 നിലകളുള്ള കെട്ടിടത്തിന്റെ മുന്‍വശത്ത് വന്‍തോതില്‍ തീപ്പിടിത്തത്തിന് കാരണമാകുന്ന അലുമിനിയം ആവരണമുണ്ടായതായി ഷാര്‍ജ പോലീസിലെ ഫൊറന്‍സിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സെര്‍കല്‍ ചൂണ്ടിക്കാട്ടി.

കെട്ടിടങ്ങളുടെ പുറംമോടി പൂര്‍ത്തീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന അലുമിനിയം ആവരണം ഷാര്‍ജയില്‍ 2017 മുതല്‍ നിരോധിച്ചതാണ്. മുന്‍വര്‍ഷങ്ങളില്‍ തീപ്പിടിത്തമുണ്ടായത് ഇത് കാരണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം. അഡ്രസ്സ് ഡൗണ്‍ടൗണിലും ദുബൈ മരീനയിലെ ടോര്‍ച്ച്- സെന്‍ ടവറിലും തീപ്പിടിത്തമുണ്ടായതിനും കാരണം ഇതായിരുന്നു. നിരോധനം വരുന്നതിന് മുമ്പ് നിര്‍മിച്ചതാണ് അബ്ബ്‌കോ ടവറെങ്കിലും അലുമിനിയം പാനല്‍ നേരത്തേ തന്നെ നീക്കം ചെയ്യാന്‍ ഉടമസ്ഥനോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തീപ്പിടിത്തത്തെ തുടര്‍ന്ന് താമസക്കാരായ 250 കുടുംബങ്ങളെ ഒഴിപ്പിച്ചു. 36 പാര്‍പ്പിട നിലകളും 20 നിലകള്‍ കാര്‍ പാര്‍ക്കിംഗുമാണ്. 2006ലാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി. ഒഴിപ്പിച്ച കുടുംബങ്ങളെ മറ്റൊരു സ്ഥലത്ത് പാര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് നിര്‍ത്തിയിട്ട നിരവധി കാറുകള്‍ കത്തിനശിച്ചു. ശക്തമായ കാറ്റ് കാരണം തീനാളങ്ങളും മറ്റ് അവശിഷ്ടങ്ങളും പാറിവന്നാണ് കാറുകള്‍ നശിച്ചത്.