{"vars":{"id": "89527:4990"}}

ദുബൈയെ ഇളക്കിമറിച്ച് ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സന്ദര്‍ശനം; ഷാരൂഖ് ഖാനെ കാണാനെത്തിയത് 80,000ല്‍ അധികം ആരാധകര്‍

 
ദുബൈ: ആഗോളഗ്രാമത്തില്‍ എത്തിയ ബോളിവുഡിന്റെ ബാദ്ഷ ശാരൂഖ് ഖാനെ ഒരുനോക്കു കാണാനായി ഒഴുകിയെത്തിയത് 80,000ല്‍ അധികം ആരാധകര്‍. ഇന്നലെ രാത്രിയിലെ ആ രാവ് ചിരിയുടെയും അത്ഭുതാദരങ്ങളുടെയും മറക്കാനാവാത്ത അനര്‍ഗനിമിഷങ്ങളുടേതായിരുന്നു. അത്തരത്തില്‍ ഒരു വിരുന്നാണ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനും ഏറെ ജനപ്രിയനുമായ ഷാരൂഖ് തനിക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ശൈലിയില്‍ ആരാധകര്‍ക്കായി കോരിച്ചൊരിഞ്ഞത്. ഇന്ത്യക്കാര്‍ക്കൊപ്പം പാക്കിസ്ഥാനികളും ബംഗ്ലാദേശികളും അടങ്ങുന്ന ആരാധകരുടെ മഹാസമുദ്രം തൊണ്ടപൊട്ടുമാറുച്ചത്തില്‍ അദ്ദേഹം വേദിയിലേക്ക് എത്തിയപ്പോള്‍ മുഴക്കിയ ശബ്ദഘോഷങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവരുടെ ചെവികളില്‍ ഇനിയും ഏറെ കാലം നിറഞ്ഞുനില്‍ക്കുമെന്ന് തീര്‍ച്ച. ഒപ്പം അദ്ദേഹം വിവിധ ചിത്രങ്ങളില്‍ അനശ്വരമാക്കിയ ഡയലോഗുകളും.