{"vars":{"id": "89527:4990"}}

സൗദിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണ അപകടം; രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

 

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടി വളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.

​ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ്തന്നൂറയിൽ നിന്നും ദമ്മാമിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.

​പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്നിച്ചാണ് പൊലീസ് പുറത്തെടുത്തത്. സജീം അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീലേഷിന്റെ ജീവനും രക്ഷിക്കാനായില്ല. ദമ്മാമിൽ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന സജീമിന്റെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. മൃതദേഹങ്ങൾ നിലവിൽ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.