{"vars":{"id": "89527:4990"}}

ദുബൈ ജനസംഖ്യ 38 ലക്ഷം; 2018ന് ശേഷം ഏറ്റവും വലിയ വര്‍ധനവ്

 
ദുബൈ: 2018ന് ശേഷം ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനയുമായി ദുബൈ. വൈറ്റ് കോളര്‍ ജോബിനുള്ള സാധ്യതയാണ് തൊഴില്‍ അന്വേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൂടുതലായി ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. ജനസംഖ്യാ വര്‍ധനവിന് സമാനമായി പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ മേഖലകളിലും ത്വരിതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷത്തിലാണ് ജനസംഖ്യ 2018ന് ശേഷം റെക്കാര്‍ഡിലേക്ക് കുതിച്ചത്. 2024ല്‍ മാത്രം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത് 1.69 ലക്ഷത്തിന്റെ വര്‍ധനവാണെന്ന് ദുബൈ സറ്റാറ്റിസ്റ്റിക്‌സ സെന്റര്‍ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. 2018ന് ശേഷം ഓരോ വര്‍ഷവും ജനസംഖ്യ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. 2023ല്‍ 1,04 ലക്ഷം വര്‍ധന ഉണ്ടായപ്പോള്‍ 2022ല്‍ 71.500ഉം 2021ല്‍ 67,000വും ആയിരുന്നു. 2019ലെ വര്‍ധനവ് 1.62 ലക്ഷമായിരുന്നു. 2018ല്‍ ഇത് 2.15 ലക്ഷമായിരുന്നൂവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൊവിഡ് വര്‍ഷമായ 2020ലും 54,700 പേര്‍ പുതുതായി ജനസംഖ്യയിലേക്ക് ചേര്‍ക്കപ്പെട്ടു.