ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരിയായ അനിത നായർ സദസ്സിനോട് സംവദിച്ചു

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് ഷാർജ അന്താരാഷ്ട്രാ പുസ്തകമേളയിൽ ഈറ്റിംഗ് വാസ്പ്സ് എന്ന നോവലിനെ ആസ്പദമാക്കി നടന്ന ചർച്ചയിൽ, അനിത നായർ തന്റെ സാഹിത്യകൃതികളെയും എഴുത്തിന്റെ
 

 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

ഷാർജ അന്താരാഷ്ട്രാ പുസ്തകമേളയിൽ ഈറ്റിംഗ് വാസ്പ്‌സ് എന്ന നോവലിനെ ആസ്പദമാക്കി നടന്ന ചർച്ചയിൽ, അനിത നായർ തന്റെ സാഹിത്യകൃതികളെയും എഴുത്തിന്റെ വഴിയിലെ അനുഭവങ്ങളെയും കുറിച്ച് സംസാരിച്ചു. ബാല്യകാലം മുതൽ എഴുത്തിൽ തത്പരയായിരുന്നു. മുതിർന്നപ്പോൾ ധാരാളം എഴുതുമായിരുന്നെങ്കിലും അവയൊന്നും ആർക്കും വായിക്കാൻ നൽകിയിരുന്നില്ല.

തന്റെ ഒരു കഥയുടെ കൈയ്യെഴുത്തുപ്രതി വായിച്ച ഒരു പത്രപ്രവർത്തകസുഹൃത്താണ്, എഴുതുന്ന കഥകൾ വായനക്ക് വിധേയമാക്കണമെന്ന് ഉപദേശിച്ചത്. ആ ഉപദേശം തന്റെ എഴുത്തിന്റെ വഴിയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു. എഴുത്തുകാരി, മാതാവ്, സാമൂഹ്യജീവി എന്നെല്ലാമുള്ള സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, ആത്യന്തികമായി താനൊരു സ്ത്രീയാണെന്ന് അനിത നായർ പറഞ്ഞു.

വർത്തമാനകാലത്ത് ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞതും വരാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ല.

പരിചിതമായ ഭൂമികയെ കുറിച്ചാണ് തനിക്കു എഴുതാൻ ഏറെ താല്പര്യം. കണ്ടുവളർന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോൾ അതിനു സ്വാഭാവികത കൈവരുന്നു.

ദക്ഷിണേന്ത്യൻ പരിസരങ്ങളിലാണ് തനിക്ക് കൂടുതൽ പരിചിതം. തന്റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യക്കാരാണ്.

സ്ത്രീയുടെ അസ്തിത്വം തേടുന്ന രചനകളാണ് തന്റേത്. തന്റെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം അസ്തിത്വം തേടുന്നവരാണ്. അമൂർത്തമായ അസ്തിത്വസങ്കല്പങ്ങൾക്ക് ഭൗതികമായ രൂപം നൽകാനാണ്‌സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ താൻ ശ്രമിക്കുന്നത്.

നോവലിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പട്ടം പറത്തൽ പോലെയാണ്. സ്വതന്ത്രമായി നീങ്ങാൻ കഴിയുന്നവരാണ് തന്റെ കഥാപാത്രങ്ങളെങ്കിലും പട്ടത്തിന്റെ ചരട് തന്റെ കൈയ്യിൽത്തന്നെയായിരിക്കും.

എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന വിശ്വാസം തനിക്കില്ല.

ഓരോ പ്രാവശ്യം എഴുതുമ്പോഴും ആദ്യമായി എഴുതുമ്പോഴുള്ള സംശയവും ആശങ്കയും എല്ലാ എഴുത്തുകാർക്കുമുണ്ട്. രചനാത്മകമായ എഴുത്തിന് ആ സഭാകമ്പം ഗുണകരമാണ്.

സോഷ്യൽ മീഡിയയുടെ സ്വാധീനത്തെയും ദുരുപയോഗത്തെയും കുറിച്ച് പരാമർശിച്ചുകൊണ്ട്, സ്ത്രീകൾ സോഷ്യൽ മീഡിയയുടെ ഇരകളാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അനിത നായർ പറഞ്ഞു. സോഷ്യൽ മീഡിയ സർവ്വരുടേയും ജീവിതത്തിലും മനോഭാവത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി നല്ലതും ചീത്തയുമായ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. നമ്മുടെ ചുറ്റുമുണ്ടാകുന്ന എന്ത് സംഭവങ്ങളും ‘റെക്കോർഡ്’ ചെയ്യാനാണ് നമുക്കിപ്പോൾ താൽപ്പര്യീ.

മനുഷ്യക്കടത്തെന്നത് മാരകമായ വിപത്താണെന്ന് അനിത നായർ പറഞ്ഞു. തട്ടിക്കൊണ്ട് പോകപ്പെട്ടവർ നിർബന്ധിതതൊഴിലെടുക്കലിനും ലൈംഗികചൂഷണത്തിനും വിധേയരാകുകയാണ്. അവർക്ക് സാധാരണജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാൻ അവസരമുണ്ടാകാറില്ല. ഓരോ വർഷവും തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടാകുന്നത്. കണ്ടുകിട്ടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. കാണാതെ പോകുന്ന കുട്ടികൾ തന്നെ ഏറെ ദുഖിപ്പിക്കുന്നുവെന്ന് അനിത നായർ പറഞ്ഞു.