എക്സ്പ്രസ്സ് മണി  ദി വൺ യു.എ.ഇ. സീസൺ രണ്ട് നവംബർ 29ന്

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ് എക്സ്പ്രസ്സ് മണി ദി വൺ യു.എ.ഇ. സീസൺ രണ്ട് ഇന്റർനാഷണൽ മ്യൂസിക് റിയാലിറ്റി ഷോയുടെ മെഗാ ഫിനാലെ നവംബർ ഇരുപത്തൊൻപതിന് ദുബായ് ക്രീക്ക്
 

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌

എക്സ്പ്രസ്സ് മണി  ദി വൺ യു.എ.ഇ. സീസൺ രണ്ട് ഇന്റർനാഷണൽ മ്യൂസിക് റിയാലിറ്റി ഷോയുടെ മെഗാ ഫിനാലെ നവംബർ ഇരുപത്തൊൻപതിന് ദുബായ് ക്രീക്ക് പാർക്കിൽ നടക്കും.

വൈകിട്ട് ഏഴ് മണി മുതൽ രാത്രി പതിനൊന്ന്  മണി വരെ നീളുന്ന റിയാലിറ്റി ഷോയുടെ കലാശക്കൊട്ടിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തഗായകരാണ് വിധികർത്താക്കളായി പങ്കെടുക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള  പി.ജയചന്ദ്രൻ, ഫിലിപ്പീൻസിൽ നിന്നുള്ള പ്രിൻസസ് സെവിലെന, ഘാനയിൽ നിന്നുള്ള റെജി റോക്‌സ്റ്റൺ, നേപ്പാളിൽ നിന്നുള്ള  ജീവൻ ഗുരുംഗ്  എന്നിവരാണ് എക്സ്പ്രസ്സ് മണി  ദി വൺ യു.എ.ഇ. സീസൺ രണ്ട് ഇന്റർനാഷണൽ മ്യൂസിക് റിയാലിറ്റി ഷോയുടെ മെഗാ ഫിനാലെയിലെ വിധികർത്താക്കൾ.

യു.എ.ഇ.യിലും മറ്റു ജി.സി.സി. രാജ്യങ്ങളിലും താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് എക്സ്പ്രസ്സ് മണി  ദി വൺ യു.എ.ഇ. സീസൺ രണ്ട് ഇന്റർനാഷണൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കപ്പെട്ടത്. ഓൺലൈൻ വഴി പേര് ചേർത്ത രണ്ടായിരത്തോളം മത്സരാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടുപേരാണ് ക്രീക്ക് പാർക്കിൽ നവംബർ ഇരുപത്തൊൻപതിന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുന്നത്. യു.എ.ഇ.യിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള നിരവധി സംഗീതപ്രതിഭകളും ഇക്കുറി ഫൈനലിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

ഒരു അന്താരാഷ്ട്രസംഗീതമേളയായി മാറുന്ന ഫൈനൽമത്സരം വീക്ഷിക്കാൻ, തെന്നിന്ത്യൻ സിനിമാതാരം കാജൽ വസിഷ്ട് അടക്കമുള്ള കലാസാംസ്കാരികരംഗത്തെ നിരവധി പ്രമുഖരും എത്തുന്നുണ്ട്.

റിയാലിറ്റി ഷോയുടെ ഫൈനലിന് മുന്നോടിയായി, ദുബായ് അൽ നാഹ്ദയിലെ ലാവെന്റർ ഹോട്ടലിൽ നടന്ന മാദ്ധ്യമസമ്മേളനത്തിൽ എക്സ്പ്രസ്സ് മണി സി.ഇ.ഓ. സുദേഷ് ഗിരിയാനി, വിധികർത്താക്കളായ പി.ജയചന്ദ്രൻ, റെജി റോക്‌സ്റ്റൺ, പ്രിൻസസ് സെവിലെന, ജീവൻ ഗുരുംഗ്, മ്യൂസിക് റിയാലിറ്റി ഷോയുടെ സംഘാടകരായ പ്രൈസ് ഗ്ലോബൽ മാനേജിങ് പാർട്ണർ രാജ് കുമാർ മുൻഷാനി എന്നിവർ പങ്കെടുത്തു.

ഇംഗ്ലീഷ്, തഗലോഗ്, മറ്റ് ലോകഭാഷകൾ എന്നിവ അടങ്ങുന്ന വിഭാഗം,  ഇന്ത്യൻ ഭാഷകളും നേപ്പാളി ഭാഷയും അടങ്ങുന്ന വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങൾ നടന്നുവരുന്നതെന്ന് രാജ് കുമാർ മുൻഷാനി പറഞ്ഞു. വിവിധരാജ്യങ്ങളിലെ ഗായകർക്ക് പങ്കെടുക്കാൻ കഴിയുന്ന എക്സ്പ്രസ് മണി ദി വൺ ഇന്റർനാഷണൽ മ്യൂസിക് റിയാലിറ്റി ഷോ യു.എ.ഇ.യുടെ സാംസ്കാരികവൈവിധ്യം വിളിച്ചോതുന്നതാണ്. ദുബായിയുടെ ഔദ്യോഗിക ഇവൻറ് കലണ്ടറിൽ എക്സ്പ്രസ് മണി ദി വൺ സീസൺ റ്റു സ്ഥാനം പിടിച്ചിട്ടുണ്ട്.

യു.എ.ഇ.യിലെ സംഗീതപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് എക്സ്പ്രസ്സ് മണി ദി വൺ റിയാലിറ്റി ഷോയിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്സ്പ്രസ്സ് മണി സി.ഇ.ഓ. സുദേഷ് ഗിരിയാനി പറഞ്ഞു. യു.എ.ഇ.യിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന ഗായകരെ കൂടി കലയുടെ മുഖ്യധാരയിൽ എത്തിക്കാനാണ് എക്സ്പ്രസ്സ് മണി ശ്രമിക്കുന്നത്.

പുതിയ കാലത്തെ ഗായകർ സ്വന്തം ശൈലി വികസിപ്പിക്കണമെന്ന് ഗായകൻ പി.ജയചന്ദ്രൻ മാദ്ധ്യമസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ധാരാളം പുതിയ ഗായകർ ഉയർന്നുവരുന്നുണ്ട്. അവർ മുൻകാലങ്ങളിലെ സംഗീതപ്രതിഭകളുടെ ഗാനങ്ങൾ കൂടുതൽ ശ്രവിക്കുകയും, പ്രചോദനം ഉൾക്കൊള്ളുകയും വേണമെന്നും, ഭാവം ഉൾക്കൊണ്ട് പാടണമെന്നും പി.ജയചന്ദ്രൻ പറഞ്ഞു.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരിൽ കുട്ടികളായ ഗായകരുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഗായകൻ റെജി റോക്സ്റ്റൺ പറഞ്ഞു. എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന എക്സ്പ്രസ് മണി ദി വൺ മ്യൂസിക് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാദ്ധ്യമസമ്മേളനത്തിൽ പങ്കെടുത്ത പ്രിൻസസ് സെവിലെനയും ജീവൻ ഗുരുംഗും പറഞ്ഞു.

നവംബർ ഇരുപത്തൊൻപത് വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മെഗാ ഫിനാലെ വീക്ഷിക്കാനെത്തുന്നവർ അഞ്ച് മണിയോടെ പരിപാടിയുടെ വേദിയായ ദുബായ് ക്രീക്ക് പാർക്കിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു.