{"vars":{"id": "89527:4990"}}

നാളെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ബ്രോക്കര്‍മാരുടെ സഹായമില്ലാതെ അടക്കാം

 
അബുദാബി: നാളെ മുതല്‍ ഇന്‍ഷുറന്‍സ് തുക ബ്രോക്കര്‍മാരുടെ സഹായമില്ലാതെ നേരിട്ട് നടക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്റെ ഭാഗമാണ് ഈ പരിഷ്‌കാരം. ഇതുവരെയും ബ്രോക്കര്‍മാരുടെ സഹായത്തോടെ അടച്ചുവന്ന ജനറല്‍ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുന്ന ലൈഫ് ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഇനി ഉപഭോക്താവിന് നേരിട്ട് അടക്കാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിലൂടെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ എത്താതിരിക്കുന്നതുമായ സംഭവങ്ങള്‍ പഴങ്കഥയാവും. ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നത് നേരിട്ടാവുന്നതോടെ പണം നഷ്ടപെടാനുള്ള സാധ്യത നൂറു ശതമാനം ഇല്ലാതാവുമെന്ന് ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് ഡോട്ട് എഇ സിഇഒ അവിനാഷ് ബാബുര്‍ പറഞ്ഞു. പേ ഔട്ടുകളും പ്രീമിയം റീഫണ്ടുകളും ഡയറക്ടറായി ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ഉപഭോക്താവിന് നേരിട്ട് കൈപറ്റാനാവുമെന്ന് പോളിസി ബസാര്‍ ബിസിനസ് ഹെഡ് തോഷിതാ ചൗഹാനും വ്യക്തമാക്കി. ഫെബ്രുവരി 15 മുതല്‍ ഇന്‍ഷുറന്‍സ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ സാധ്യമാകൂ. ക്ലൈമുകളും പ്രീമിയങ്ങളും റീഫണ്ടുകളും ഇനി കമ്പനിയില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കള്‍ക്ക് കൈപ്പറ്റാം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം പ്രീമിയം ശേഖരിക്കാന്‍ ബ്രോക്കര്‍മാരെ അനുവദിച്ചിരുന്നു എന്നാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരം വ്യക്തിഗത ഡാറ്റകള്‍ യുഎഇയില്‍ സൂക്ഷിച്ച് പരിപാലിക്കേണ്ടതുണ്ട്. സുരക്ഷിതമായ ബാക്കപ്പ് ചുരുങ്ങിയത് 10 വര്‍ഷത്തേക്ക് പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക നിഷ്‌കര്‍ശിക്കുന്നു.