{"vars":{"id": "89527:4990"}}

ഹൃദയാഘാതം: രണ്ട് മലപ്പുറം സ്വദേശികള്‍ ഓമാനിലും ഷാര്‍ജയിലുമായി മരിച്ചു

 
മസ്‌കത്ത്/ഷാര്‍ജ: ഒമാനിലും ഷാര്‍ജയിലുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഷാര്‍ജ വ്യവസായ മേഖല 10ല്‍ കൊണ്ടോട്ടി കീഴ്പറമ്പ് സ്വദേശിയായ നസീഹും (28) ഒമാനിലെ ബര്‍ക്ക സനയ്യയില്‍ ജോലി ചെയ്തുവരുന്ന തിരൂര്‍ സ്വദേശിയായ പുറത്തൂര്‍ മുട്ടനൂരിലെ ചെറച്ചന്‍ വീട്ടില്‍ കളത്തില്‍ യാസിര്‍ അറഫാത്തു(43)മാണ് മരിച്ചത്. കാരങ്ങാടന്‍ അബൂബക്കറിന്റെയും ജമീലയുടെയും മകനായ നസീഹ് ഗ്രോസറിയിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒമാന്‍ ബര്‍ക്ക സനയ്യയിലെ കാര്‍ഗോ കമ്പനിയിലെ ജോലിക്കാരനായിരുന്നു യാസിര്‍, മുഹമ്മദ് ബാവയുടെയും കദീജയുടെയും മകനാണ്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: അജിഷ. മക്കള്‍: ജദ്‌വ, ഐറ.