ചരിത്രം കുറിച്ച് എമിറേറ്റ്സ്; ആദ്യ സ്വദേശി വനിതാ ക്യാപ്റ്റൻമാരായി ഹനാനും ബഖീതയും
ഹനാൻ മുഹമ്മദ് ജവാദ്, ബഖീത അൽ മുഹൈരി
ദുബായ്: യുഎഇ വ്യോമയാന ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് എമിറേറ്റ്സ് എയർലൈൻ. തങ്ങളുടെ ചരിത്രത്തിലാദ്യമായി രണ്ട് എമിറാത്തി (സ്വദേശി) വനിതാ പൈലറ്റുമാരെ ക്യാപ്റ്റൻ പദവിയിലേക്ക് എമിറേറ്റ്സ് ഉയർത്തി. ഹനാൻ മുഹമ്മദ് ജവാദ്, ബഖീത അൽ മുഹൈരി എന്നിവരാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. എമിറേറ്റ്സിന്റെ കൂറ്റൻ ബോയിംഗ് 777 (Boeing 777) വിമാനങ്ങൾ ഇനി ഇവരുടെ നിയന്ത്രണത്തിൽ ആകാശമുയരും.
യൂണിഫോമിൽ ക്യാപ്റ്റന്റെ പദവി വ്യക്തമാക്കുന്ന നാലാമത്തെ സ്ട്രൈപ്പ് (Fourth Stripe) ഇരുവരും ഔദ്യോഗികമായി ഏറ്റുവാങ്ങി. എമിറേറ്റ്സ് ഗ്രൂപ്പിന്റെ നാഷണൽ കേഡറ്റ് പൈലറ്റ് പ്രോഗ്രാമിലൂടെ (NCPP) കരിയർ ആരംഭിച്ചവരാണ് ഇരുവരും.
- ഹനാൻ മുഹമ്മദ് ജവാദ്: 2008-ലാണ് ഹനാൻ കേഡറ്റ് പൈലറ്റായി എമിറേറ്റ്സിൽ ചേരുന്നത്. നീണ്ട വർഷത്തെ സേവനത്തിനിടയിൽ 9,253 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയം ഹനാനുണ്ട്. പതിനാലാം വയസ്സിൽ ടിവിയിൽ യുഎഇയിലെ ആദ്യ വനിതാ പൈലറ്റിനെ കണ്ടതാണ് തനിക്ക് പ്രചോദനമായതെന്ന് ഹനാൻ ഓർക്കുന്നു.
- ബഖീത അൽ മുഹൈരി: 2011-ൽ കേഡറ്റ് പൈലറ്റായി കരിയർ ആരംഭിച്ച ബഖീത, കഠിനാധ്വാനത്തിലൂടെയും മികച്ച പരിശീലനത്തിലൂടെയും ഫസ്റ്റ് ഓഫീസർ പദവിയിൽ നിന്ന് ക്യാപ്റ്റൻ റാങ്കിലേക്ക് വളരുകയായിരുന്നു. തനിക്ക് ലഭിച്ച മികച്ച മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് ബഖീത പറഞ്ഞു.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ എന്നും മുൻപന്തിയിലുണ്ടാകുമെന്ന യുഎഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഇരുവരും പ്രതികരിച്ചു. ഹനാന്റെയും ബഖീതയുടെയും ഈ ചരിത്ര വിജയം വ്യോമയാന രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നിരവധി യുവതികൾക്ക് വലിയ പ്രചോദനമാകും.